വാഷിങ്ടണ്‍: ഇസ്രാഈലിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാന്‍ അല്‍ ജസീറ ചാനല്‍ മനഃപൂര്‍വം അവധാനത കാണിക്കുന്നതായി ആരോപണം. ചാനലിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് യൂണിറ്റ് തലവന്‍ ക്ലെയ്റ്റന്‍ സ്വിഷര്‍ ആണ് ഖത്തര്‍ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ചാനലിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇസ്രാഈലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ ഉള്ള ഡോക്യുമെന്ററി, വിശദീകരണം നല്‍കാതെ തുടര്‍ച്ചയായി മാറ്റിവെക്കുകയാണെന്നും ഇത് അല്‍ ജസീറയുടെ നിഷ്പക്ഷതയെ സംശയത്തിന്റെ നിഴലിലാക്കുന്നുവെന്നും ഒരു അമേരിക്കന്‍ ജേണലില്‍ എഴുതിയ ലേഖനത്തില്‍ ക്ലെയ്റ്റന്‍ സ്വിഷര്‍ ആരോപിക്കുന്നു.
പാശ്ചാത്യ ഭരണകൂടങ്ങളുടെ നിലപാടിനെ സ്വാധീനിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ലോബിയിങ്ങിനെ തുറന്നു കാട്ടുന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെ അമേരിക്കയിലെ വിവിധ രാഷ്ട്രീയക്കാര്‍ പരസ്യമായി രംഗത്തു വരികയും ചെയ്തു. ഖത്തറും സൗദിയടക്കമുള്ള രാജ്യങ്ങലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അല്‍ ജസീറ ഈ ഡോക്യുമെന്ററി ‘മുക്കുന്നതിനു’ പിന്നില്‍ ദുരൂഹതയുണ്ടെന്നും സ്വന്തം നിലപാട് ലോകത്തെ അറിയിക്കാനുള്ള അവസരമാണ് ഖത്തര്‍ നഷ്ടപ്പെടുത്തുന്നതെന്നും സ്വിഷര്‍ പറയുന്നു. ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിനായി സൗദിയും മറ്റു രാജ്യങ്ങളും മുന്നോട്ടു വെച്ച ഉപാധികളിലൊന്ന് അല്‍ജസീറ അടച്ചു പൂട്ടുക എന്നതായിരുന്നു.
അമേരിക്കന്‍ ഇസ്രാഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി (ഐപാക്) അടക്കമുള്ള ലാഭരഹിത സംഘടനകളില്‍ അണ്ടര്‍ കവര്‍ അന്വേഷണം നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത് എന്നാണ് കരുതുന്നത്. ഇതിന് ചാനലിനെതിരെ നടപടിയെടുക്കണമെന്ന് ചില യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.