X

യാസിന്‍ ബോനോവോയേയും പൊക്കി അല്‍ ഹിലാല്‍

ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരത്തെക്കൂടി ടീമിലെത്തിക്കാന്‍ സഊദി ക്ലബ് അല്‍ ഹിലാല്‍. മൊറോക്കോന്‍ ഗോള്‍ കീപ്പര്‍ യാസ്സിന്‍ ബോനോയാണ് സഊദിയിലേക്ക് എത്തുന്നത്. സ്പാനിഷ് ക്ലബ് സെവിയയുടെ താരമായിരുന്നു ബോനോ. രണ്ട് ദിവസമായി ബോനോയ്ക്ക് വേണ്ടി അല്‍ ഹിലാലും സെവിയയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. 21 മില്യണ്‍ യൂറോയ്ക്കാണ് (189 കോടി രൂപ) ക്ലബുകള്‍ തമ്മില്‍ കരാറിലെത്തിയത്. താരത്തിന്റെ വൈദ്യപരിശോധന ഉടന്‍ നടക്കുമെന്നും ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ സെമി വരെ എത്തിയതില്‍ നിര്‍ണാക പങ്കു വഹിച്ച താരമാണ് ബോനോ. ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമായിരുന്നു ബോനോ വഴങ്ങിയത്. 2020 ലാണ് ബോനോ സെവിയയിലേക്ക് എത്തിയത്. 141 മത്സരങ്ങള്‍ സ്പാനിഷ് ക്ലബിനു വേണ്ടി ബോനോ കളിച്ചിട്ടുണ്ട്. 58 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. 2020ല്‍ യുവേഫ യൂറോപ്യന്‍ ലീഗ് ചാമ്പ്യന്മാരായ സെവിയ ടീമില്‍ ബോനോ ഉണ്ടായിരുന്നു.

സെവിയ്യില്‍ 2025 വരെ യാസിന് കരാര്‍ ഉണ്ട്. എന്നാല്‍ ഖത്തര്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം താരത്തിന്റെ മൂല്യം ഉയര്‍ത്തുകയായിരുന്നു. ഖത്തര്‍ ലോകകപ്പിന് പിന്നാലെ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിച്ചും താരത്തെ നോട്ടമിട്ടിരുന്നു. അവിടെ നിന്നാണ് പണം കൊടുത്ത് യാസിനെ അല്‍ ഹിലാല്‍ പോക്കറ്റിലാക്കുന്നത്. മൂന്ന് വര്‍ഷമാകും ഹിലാലിലെ യാസിന്റെ സേവനം.

അതേസമയം സെര്‍ബിയന്‍ ഫുട്ബോള്‍ താരം അലക്സാണ്ടര്‍ മിട്രോവിച്ചിനെയാണ് അല്‍ ഹിലാല്‍ അടുത്തതായി നോട്ടമിടുന്നത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഫുള്‍ഹാം എഫ്.സിയുടെ താരമാണ് മിട്രോവിച്ച്. ഫുള്‍ഹാമിനായി 206 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകള്‍ നേടിയ താരം ഉജ്വല ഫോമിലാണ്.

കഴിഞ്ഞ സീസണില്‍ മാത്രം പതിനാല് പ്രീമിയര്‍ ലീഗ് ഗോളുകളാണ് താരം നേടിയത്. മിട്രോവിച്ചുമായി ബന്ധപ്പെട്ട കരാര്‍ അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് അറിയുന്നത്. നേരത്തെ ഒരു കരാര്‍ ഹിലാല്‍ മുന്നോട്ടുവെച്ചെങ്കില്‍ ഫുള്‍ഹാമിന് താത്പര്യമില്ലായിരുന്നു. എന്നാല്‍ നെയ്മറെ ഹിലാല്‍ ടീമില്‍ എത്തിച്ചതോടെ മുന്നേറ്റ നിരക്ക് ഊര്‍ജം പകരാന്‍ ഒരാള്‍ കൂടി വേണമെന്ന നിര്‍ബന്ധമാണ് മിഡ്രോവിച്ചിന്റെ പിന്നാലെ ശക്തമായി കൂടാന്‍ കാരണം. കരാര്‍ എത്രയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

 

 

 

webdesk13: