റിയാദ്: സഊദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാല്‍ കാര്യമായി നോട്ടമിട്ടത് ലിയോ മെസിയെയായിരുന്നു. അല്‍ നസര്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയെ ഉയര്‍ത്തുമ്പോള്‍ മെസിയെ ഉയര്‍ത്തിക്കാട്ടി അവരെ ഞെട്ടിക്കാമെന്ന് കരുതിയാണ് അര്‍ജന്റീനക്കാരന് വേണ്ടി പൊന്നും വില പറഞ്ഞത്. പക്ഷേ മെസി പണത്തിന്റെ വഴിയില്‍ വന്നില്ല. അദ്ദേഹം അമേരിക്കയിലേക്കാണ് പോയത്.
മെസിക്ക് പകരക്കാരനല്ലെങ്കിലും ഹിലാല്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബെര്‍നാര്‍ഡോ സില്‍വയിലേക്കാണ്. 28 കാരനും സിറ്റിയും തമ്മിലുള്ള കരാര്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കുന്നു. എന്നാല്‍ വന്‍ ഓഫറുകളുമായി നിരവധി ക്ലബുകള്‍ പോര്‍ച്ചുഗീസുകാരന്റെ പിറകിലുണ്ട്. ഇതിനകം സിറ്റി നായകന്‍ ഇല്‍ഗോര്‍ ഗുന്‍ഡഗോനെ സ്വന്തമാക്കിയ ബാര്‍സിലോണക്കാര്‍ സില്‍വയിലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പി.എസ്.ജിയും വലിയ ശ്രമം നടത്തുന്നു.
പക്ഷേ ഇവര്‍ നല്‍കിയ ഓഫറുകളേക്കാള്‍ ഏറ്റവും മികച്ചതാണ് ഹിലാല്‍ നല്‍കിയിരിക്കുന്നത്. പണത്തിനു മേല്‍ പരുന്തും പറക്കില്ല എന്ന് പറഞ്ഞത് പോലെ പണമല്ല ഫുട്‌ബോളാണ് വലുത് എന്ന് സില്‍വ തീരുമാനിച്ചാല്‍ അദ്ദേഹം യൂറോപ്പില്‍ തന്നെ തുടരും. 2017 ലാണ് അദ്ദേഹം സിറ്റിയിലെത്തിയത്. പെപ് ഗുര്‍ഡിയോളയുടെ ആദ്യ ഇലവനില്‍ ഇത് വരെ സ്ഥിരക്കാരനാണ്. അവസാന സീസണില്‍ ക്ലബ് ട്രിപ്പിള്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിക്കാനുമായിരുന്നു. പക്ഷേ സഊദി പ്രോ ലീഗില്‍ ഇപ്പോള്‍ റൊണാള്‍ഡോയും കരീം ബെന്‍സേമയും നക്കാലേ കാന്‍ഡേയുമെല്ലാം കളിക്കുമ്പോല്‍ എന്തിന് അകന്ന് നില്‍ക്കണമെന്ന ചോദ്യം സില്‍വക്ക് മുന്നിലുണ്ട്.