അശ്റഫ് തൂണേരി
ദോഹ: തങ്ങളുടെ പ്രിയ നേതാവിനെക്കാണാനും കേള്‍ക്കാനുമെത്തിയത് ആയിരങ്ങള്‍, വേദി നിറഞ്ഞുകവിഞ്ഞതിനാല്‍ നിരാശരായി തിരിച്ചുപോവേണ്ടി വന്നവരും ആയിരങ്ങള്‍.മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് പരിപാടിയായിരുന്നു ചടങ്ങ്. അല്‍അറബി ഇന്‍ഡോര്‍സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതിനാല്‍ നിരവധിപേര്‍ക്കാണ് നിരാശരാകേണ്ടി വന്നത്.
ഇന്‍ഡോര്‍ സ്റ്റേഡിയം ചടങ്ങിന് മണിക്കൂറ് മുമ്പു തന്നെ നിറഞ്ഞിരുന്നു. സകുടുംബമെത്തിയ പല പ്രവര്‍ത്തകരും തിരിച്ചുപോവേണ്ടി വന്നു. ”അല്‍അറബി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വന്ന ഓരോ സഹോദരങ്ങളേയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ക്ഷമ ചോദിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് സംഘടിപ്പിക്കേണ്ടി വന്ന പരിപാടി ആയതിനാലും വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ലഭ്യമാവാതിരുന്നതിനാലുമാണ് ഇങ്ങിനെ സംഭവിച്ചത്. പുറത്ത് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടത്താന്‍ പുതിയ സാഹചര്യത്തിലും കാലാവസ്ഥ കാരണവും തടസ്സമായി.” ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ എം ബഷീര്‍ ക്ഷമാപണത്തോടെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
മതേതതര കൂട്ടായ്മ ശക്തമായാല്‍ തീരുന്നതേയുള്ളൂ ബി.ജെ.പിയുടെ ഭരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കിയ ശേഷം സംസാരിക്കവെ വ്യക്തമാക്കി. ”ആരേയും എവിടേയും കുറ്റിയടിച്ചുവെച്ചിട്ടില്ല. ബി.ജെ.പിയും മാറും. മതേതരത്വകൂട്ടായ്മ ശക്തമായാല്‍ തീരുന്ന കാര്യമേയുള്ളൂ ബി.ജെ.പിയുടേത്. രാഹുല്‍ഗാന്ധിയുടെ ജോഡോയാത്ര ഏറെ കരുത്ത് നല്‍കുന്നതാണ്. അത് കേരളത്തിലേയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ്സിനും മതേതരകക്ഷികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.” പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചക്കയിട്ടപ്പം മുയലുകിട്ടിയെന്നത് എല്ലായ്പ്പോഴും സംഭവിക്കുന്നതല്ല. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രം സഭവിച്ചതാണത്. അത് ബി.ജെ.പിയും സി.പി.എമ്മും മനസ്സിലാക്കുന്നത് നല്ലതാണ്. പെട്രോള്‍ വില മുതല്‍ സാധാരണക്കാരന്റെ ജീവിതം ഏറെ പ്രയാസകരമാക്കുന്ന നയവും നിലപാടുമായി കേന്ദ്രം മുന്നോട്ടുപോവുന്നു. വംശീയതയും വര്‍ഗ്ഗീയതയും അജണ്ടയാക്കുന്നത് തന്നെ ജനദ്രോഹം പുറത്തുവരാതിരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാര്യവും മഹാകഷ്ടമാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇത്രയും പിറകോട്ടുപോയ മറ്റൊരു ഭരണകൂടം കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. വികസനത്തിന്റെ ഒരു കള്‍ച്ചറേ ഇല്ല. റോഡിലെ കുഴിയടക്കാന്‍ പോലും നട്ടംതിരിയുന്ന ഒരുഭരണമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമ്യാഹരിദാസ് എം.പി, കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ട്രഷററും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല ആശംസകള്‍ നേര്‍ന്നു. ആകര്‍ഷണീയമായ നിരവധി മാപ്പിള, സിനിമാ ഗാനങ്ങളാലപിച്ചും രാഷ്ട്രീയം പറഞ്ഞും രമ്യാ ഹരിദാസ് സദസ്സുമായി സംവദിച്ചു. ന്യൂനപക്ഷ രാഷ്ട്രീയം മതേതര ശക്തികളെ ചേര്‍ത്തുനിര്‍ത്തി കൂടുതല്‍ ശക്തമായി പറയേണ്ടുന്ന സാഹചര്യത്തിലാണ് നാം മുമ്പോട്ടുപോവുന്നതെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ആന്റ് ബെനവലണ്ട് ഫോറം ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, വിവിധ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും ട്രഷറര്‍ കെ.പി മുഹമ്മദലി പട്ടാമ്പി നന്ദിയും പറഞ്ഞു. സുഹൈല്‍ റഹ്മാനി ഖുര്‍ആന്‍ പാരായണം ചെയ്തു. കോല്‍ക്കളിയുടെ അകമ്പടിയോടെയാണ് പി. കെ കുഞ്ഞാലിക്കുട്ടിയെ വേദിയിലേക്ക് ആനയിച്ചത്. അദ്ദേഹം വേദിയിലേക്ക് കയറും മുമ്പ് ഫുട്ബോള്‍ തട്ടി ലോകകപ്പിന് ഐക്യാദാര്‍ഢ്യം പ്രകടിപ്പിച്ചു. സലീം പാവറട്ടി, ശിവപ്രിയ, ആരിഫ, ആഷിഖ് മാഹി, സല്‍മാന്‍ അരിമ്പ്ര എന്നിവര്‍ പങ്കെടുത്ത ഗാനവിരുന്നും ചടങ്ങിന് മിഴിവേകി. ഷഫീര്‍ വാടാനപ്പള്ളി, ലിന്‍ഷ അവതാരകരായിരുന്നു.