തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം. ജനത്തിന്റെ കീശ ചോര്‍ത്തുമെന്ന് ആശങ്ക. ജനസൗഹൃദമാക്കാനെന്ന പേരിലാണ് അക്ഷയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കാനും പദ്ധതിയുണ്ട്. സമാന്തര ഭരണത്തോടെ അധിക മേല്‍നോട്ട ചുമതലയും ജീവനക്കാരെ വെട്ടിക്കുറക്കലും ആരോപിച്ച് എല്‍.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനകള്‍ തന്നെ രംഗത്തുവന്നത് സര്‍ക്കാറിനെ വെട്ടിലാക്കി. വില്ലേജ് ഓഫീസുകളില്‍ നിലവിലുള്ള വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ ഒന്ന് അപ്‌ഗ്രേഡ് ചെയ്ത് ക്ലര്‍ക്ക് തസ്തികയാക്കുകയും ഫ്രണ്ട് ഓഫീസ് ആരംഭിക്കുകയും ചെയ്യണമെന്ന സംഘടനകളുടെ ആവശ്യം അധികൃതരുടെ പരിഗണനയിലാണ്. ഇതിനെ അട്ടിമറിക്കുന്ന നടപടികൂടിയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും സംഘടനകള്‍ ആരോപിക്കുന്നു. അതേസമയം, ഇതുവരെ ജനത്തിന് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നതോടെ സര്‍വ്വീസ് ചാര്‍ജ്ജ് ആയി പണം നല്‍കേണ്ട സ്ഥിതിയിലേക്കെത്തുമെന്നാണ് പ്രധാന പരാതി. ഇത്തരം നിയമനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നടപടിയില്‍ നിന്നും ജില്ലാ ഭരണകൂടം പിന്‍മാറണമെന്നും റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയായ സി.പി.ഐ അനുകൂല സംഘടനയായ കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) പരസ്യമായ നിലപാടെടുത്തിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലേക്ക് പൂര്‍ണ്ണ സജ്ജമാകുന്നതുവരെ നിലവിലുള്ള രീതി തുടരണമെന്നാണ് ഇവരുടെ നിലപാട്.
ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളില്‍ മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്നതിന് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയും ആവശ്യമായ ജീവനക്കാരെ നിയോഗിക്കുകയും വില്ലേജ് ഓഫീസ് റിക്കാര്‍ഡുകള്‍ നവീകരിക്കുകയും ചെയ്യേണ്ടതിന് പകരമാണ് പുതിയ പരിഷ്‌കാരം. സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ ഓഫീസുകളില കുടിയിരുത്തുന്നതോടെ അഴിമതിക്ക് ഇവരെ മറയാക്കുമെന്ന് നേരത്തെ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു.
വില്ലേജ് ഓഫീസുകളിലെ പ്രധാനപ്പെട്ട റിക്കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യവും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ചില അക്ഷയ കേന്ദ്രങ്ങള്‍ അന്യായമായ ഫീസ് ഈടാക്കുകയം കൃത്യമായ സേവനം നല്‍കാതിരിക്കുകയും ചെയ്യുന്നതായി നിരവധി പരാതികളുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒട്ടേറെ ജോലികളുണ്ട്. പലരും കൃത്യമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് ജന വിശ്വാസം ആര്‍ജ്ജിച്ചവരുമാണ്.
അഴിമതിയുടെ കൂത്തരങ്ങായി മാറുന്ന വില്ലേജ് ഓഫീസുകളെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ രേഖകള്‍ ലഭ്യമാകുമെന്നും എല്ലാ ഓഫീസുകളും കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകള്‍ വഴി ബന്ധിപ്പിക്കണമെന്നുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയിരുന്നെങ്കിലും എല്‍.ഡി.എഫ് വന്നതോടെ എല്ലാം മെല്ലെപ്പോക്കിലേക്ക് വീഴുകയായിരുന്നു. അതിന്റെ പ്രശ്‌നങ്ങള്‍ അധിക ഉദ്യോഗസ്ഥരില്ലാതെ പരിഹരിക്കാനാണ് തിടുക്കപ്പെട്ട അക്ഷയ പിന്‍വാതില്‍ കളി.
വില്ലേജ് ഓഫീസുകളില്‍ അക്ഷയ ജീവനക്കാര്‍; സൗജന്യ സേവനങ്ങള്‍ക്ക് ഇനി കീശ ചോരും
Tags: akshaya center