X

‘കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും’: ആകാശ് തില്ലങ്കേരിയുടെ കൊലവിളി മുദ്രാവാക്യങ്ങള്‍ സി.പി.എമ്മിനെ തിരിഞ്ഞ് കുത്തുന്നു

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി വിളിച്ച കൊലവിളി മുദ്രാവാക്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. കണ്ണൂരിലെ കുട്ടിസഖാക്കള്‍ക്കിടിയില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ആകാശ് തില്ലങ്കേരി വളര്‍ന്നത്. തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ വധിച്ചകേസില്‍ പ്രതിയായ ആകാശ് പയന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജ് കൊല്ലപ്പെട്ടപ്പോള്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ നടത്തിയ കൊലവിളിയും മറ്റ് നിരവധി പ്രകടനങ്ങളില്‍ വിളിച്ച കൊലവിളി മുദ്രാവാക്യങ്ങളുമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. നേരത്തെ മറ്റൊരു കൊലക്കേസിലെ പ്രതിയായ ആകാശ് തന്നെയാണ് താന്‍ നടത്തിയ മുദ്രാവാക്യം വിളി ഫേയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കൊലവിളിയുടെ പേരില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

എന്നാല്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ക്കെതിരെ പലതവണ പരാതി വന്നിട്ടും പൊലീസ് നടപടിയെടുക്കാത്തത് പൊലീസിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നു. ഇത്തരത്തിലുള്ള ഉദാസീനതയാണ് കണ്ണൂരില്‍ മറ്റൊരുകൊലയ്ക്ക് കൂടി വഴി തെളിച്ചതെന്നും ആക്ഷേപമുയരുന്നു. ശുഹൈബിനെതിരെ വിളിച്ച കൊലവിളിയിലും നേരത്തെ ജയരാജനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വിളിച്ച കൊലവിളിയിലും ഇത് വരെ കേസൊന്നും എടുത്തിട്ടില്ല.

ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞതിന് പിന്നാലെയാണ് ആകാശിന്റെ കൊലവിളി മുദ്രാവാക്യങ്ങള്‍ സി.പി.എമ്മിനെ തിരിഞ്ഞ് കുത്തുന്നത്. പ്രതികളെ സി.പി.എം നേതാക്കള്‍ ഹാജരാക്കിയതാണെന്നും ഡമ്മി പ്രതികളാണെന്നുമുള്ള ആരോപണം പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഡി.ജി.പി രംഗത്തെത്തിയത.്

പിടിയിലായവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനയും തെളിയിക്കുമെന്നും രാജേഷ് ദിവാന്‍ വ്യക്കമാക്കി.

chandrika: