ലക്‌നോ: ബി.ജെ.പിയുടെ പരാജയം ഉറപ്പു വരുത്തുന്നതിനായി വേണ്ടി വന്നാല്‍ ബി.എസ്.പിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് ചില സീറ്റുകള്‍ വിട്ടു കൊടുക്കേണ്ടി വന്നാല്‍ അതിന് പാര്‍ട്ടി മടി കാണിക്കില്ല. തങ്ങളുടെ ലക്ഷ്യം ബി.ജെ.പിയുടെ പരാജയം ഉറപ്പു വരുത്തുകയാണ്. എസ്.പി-ബി.എസ്.പി സഖ്യം 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഈ വര്‍ഷം യു.പിയില്‍ നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിലും എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തിയിരുന്നു. യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരക്പൂര്‍, ഫുല്‍പൂര്‍, ഖൈറാന ലോക്‌സഭാ മണ്ഡലങ്ങളും നൂര്‍പൂര്‍ നിയമസഭാ മണ്ഡലവും ബി. ജെ. പിയില്‍ നിന്നും എസ്.പി-ബി.എസ്.പി, ആര്‍. എല്‍. ഡി സഖ്യം പിടിച്ചെടുത്തിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് മത്സരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിച്ചെങ്കില്‍ മാത്രമേ സഖ്യത്തിന് തയാറാവുകയുള്ളൂവെന്ന് നേരത്തെ ബി. എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിട്ടു വീഴ്ചക്കു തയാറാണെന്ന് അറിയിച്ച് അഖിലേഷ് രംഗത്തെത്തിയത്.
എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിയെ യു.പിയില്‍ നിന്നും തൂത്തെറിയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കാണാനാകുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.