യു.പിയിലെ 80 ലോക്സഭാ സീറ്റുകളിലും തന്റെ പാര്‍ട്ടി ജയിച്ചാലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഇവിഎമ്മുകള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കനൗജ് എം.പി.
”ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല. യുപിയില്‍ 80 സീറ്റുകള്‍ നേടിയാലും ഞാന്‍ ഇവിഎമ്മുകളില്‍ വിശ്വസിക്കില്ല. ഇവിഎമ്മുകളുമായി ബന്ധപ്പെട്ട പ്രശ്‌നം അവസാനിച്ചിട്ടില്ല. ഇവിഎമ്മുകള്‍ ഇല്ലാതാകുന്നതുവരെ സമാജ്വാദി ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് വിജയിച്ചാല്‍ ഞങ്ങള്‍ അത് നീക്കം ചെയ്യും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് അഖിലേഷ് പറഞ്ഞു.അയോധ്യയിലെ തന്റെ പാര്‍ട്ടിയുടെ വിജയത്തെ ഇന്ത്യയിലെ പക്വതയുള്ള വോട്ടര്‍മാരുടെ ജനാധിപത്യ വിജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ”ജനങ്ങള്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം തകര്‍ത്തു . ആദ്യമായിട്ടാണ് ഒരു പരാജയപ്പെട്ട സര്‍ക്കാര്‍ വരുന്നത്. ഈ സര്‍ക്കാര്‍ അധികകാലം മുന്നോട്ടുപോകില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പ് ഇന്‍ഡ്യാ മുന്നണിയുടെ ധാര്‍മിക വിജയമായിരുന്നു. പോസിറ്റീവ് രാഷ്ട്രീയത്തിന്റെ ജയമായിരുന്നു” യാദവ് പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിലും യാദവ് സര്‍ക്കാരിനെ കടന്നാക്രമിച്ചു. ”എന്തുകൊണ്ടാണ് പേപ്പര്‍ ചോര്‍ച്ച സംഭവിക്കുന്നത് യുവാക്കള്‍ക്ക് ജോലി നല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നത് എന്നതാണ് സത്യം. യുവാക്കള്‍ക്ക് ജോലി നല്‍കിയിട്ടില്ല. പകരം, ജോലികള്‍ സര്‍ക്കാര്‍ തട്ടിയെടുത്തു” അഖിലേഷ് ആരോപിച്ചു. അഗ്‌നിവീര്‍ പദ്ധതിയെ ഇന്‍ഡ്യാ മുന്നണി ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തുമ്പോള്‍ അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും യാദവ് പറഞ്ഞു.