ലക്‌നൗ: ‘ഭഗവാന്‍ ശ്രീരാമന്റെ അത്ഭുതമാണ്’ യോഗിയെ താജ് മഹലിലെത്തിച്ചതെന്ന് പരിഹസിച്ച് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ് മഹല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയത്.
എങ്ങനെയൊക്കെയാണ് സമയം മാറുന്നത്…മുഗള്‍ കാലഘട്ടത്തിലെ സ്മാരകം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നു പറഞ്ഞവര്‍തന്നെ അതിന്റെ കവാടം വൃത്തിയാക്കുന്നു എന്നും അഖിലേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പാക്കാനുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരിക്കും ഒരു പക്ഷെ യോഗി താജ് മഹലിന്റെ കവാടത്തില്‍ ചൂലുമായി തൂത്തുവാരാനിറങ്ങിയതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
താജ്മഹലിനെക്കുറിച്ചുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെയും എം.പി വിനയ് കത്യാറിന്റെയും വിവാദ പരമാര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബി.ജെ.പി മുഖ്യമന്ത്രി കൂടിയാണ് യോഗി ആദിത്യനാഥ്.
‘ഇന്ത്യക്കാര്‍ വിയര്‍പ്പും രക്തവും ഒഴുക്കി പണിതതാണ് താജ്മഹല്‍. അത് കാത്ത് സുക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ ഞാന്‍ പറയുന്നത് വിശ്വസിച്ചാല്‍ മതി, താജ്മഹലുമായി ബന്ധപ്പെട്ട് മറ്റൊന്നും കാര്യമാക്കേണ്ട’ യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
താജ്മഹലിന് മുന്നില്‍ നിന്നുള്ള യോഗി ആദിത്യനാഥിന്റെ ഫോട്ടോയ്ക്കായി കാത്തിരിക്കുന്നുവെന്ന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു.