X

പ്രധാനമന്ത്രിയുടെ പ്രവൃത്തി ബി.ജെ.പിക്കാരെ പോലും നാണം കെടുത്തുന്നു: അഖിലേഷ് യാദവ്

ലക്‌നൗ: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.പി നേതാവ് അഖിലേഷ് യാദവ്. രാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ ജനങ്ങള്‍ ഗവണ്‍മെന്റിനെ പിന്തുണക്കുമ്പോള്‍ ഒരു കോടി ബി.ജെ.പി പ്രവര്‍ത്തകരുമായി സംസാരിച്ച് റെക്കോര്‍ഡ് ഇടാനാണ് മോദി ശ്രമിക്കുന്നത്. ബി.ജെ.പിയെ പിന്തുണക്കുന്നവര്‍ക്ക് പോലും പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയില്‍ നാണക്കേടുണ്ട്. ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കാണാതായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു. ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശ്വാസമടക്കി പിടിച്ച് എല്ലാവരും കാത്തിരിക്കുകയാണ്. എന്നാല്‍ നമ്മുടെ നേതൃത്വം ഇപ്പോഴും നിശബ്ദത പാലിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

1500 കേന്ദ്രങ്ങളിലായി ഒരുക്കിയ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യത്തിലൂടെ ഒരുകോടി ബി.ജെ.പി പ്രവര്‍ത്തകരുമായി മോദി സംസാരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണമാണ് ബി.ജെ.പി പരിപാടിക്ക് നല്‍കിയത്. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ വിമര്‍ശനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: