ലക്‌നോ: 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എസ്പി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ പരാമര്‍ശം നാണക്കേടാണെന്ന് അഖിലേഷ് പറഞ്ഞു. ഇത്രയും തരംതാണ പ്രസ്താവന നടത്തിയ മോദിയെ ’72 വര്‍ഷം’ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തുവന്നത്.
ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. 125 കോടി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മോദി അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ അധികാരം പിടിക്കാന്‍ നോക്കുകയാണ്. മോദിയുടെ കള്ളപ്പണ മാനോഭാവമാണ് പുറത്തുവരുന്നത്. 72 മണിക്കൂറല്ല, 72 വര്‍ഷം അദ്ദേഹത്തെ വിലക്കണമെന്നും അഖിലേഷ് പറഞ്ഞു. യോഗി ആദിത്യനാഥ്, നവ്‌ജോതി സിങ് സിദ്ധു എന്നിവരെ 72 മണിക്കൂര്‍ വിലക്കിയിരുന്നു.
അതേസമയം, നരേന്ദ്രമോദിക്കെതിരെ തുണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 40 എംഎല്‍എമാര്‍ കൂറുമാറുമെന്ന മോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പരാതി നല്‍കിയത്. മോദിയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.