ലഖ്‌നൗ: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ബി.ജെ.പിയും ആര്‍.എസ്.എസും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മതത്തേയും മതവിശ്വാസികളേയുമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശം പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇനി ആരെങ്കിലും സര്‍ക്കാറിന്റെ പോരായ്മകളിലേക്ക് ഭരണകര്‍ത്താക്കളുടെ ശ്രദ്ധ ക്ഷണിച്ചാല്‍ പിന്നീട് ആക്രമണം അവര്‍ക്ക് നേരെയാകും. സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പിക്കാര്‍ വിമര്‍ശകരെ കടന്നാക്രമിക്കുകയാണ്. ബി.ജെ.പി രാജ്യത്തെ ജനാധിപത്യ വ്യവസ്ഥക്ക് തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുകയും സാമ്പത്തിക അരക്ഷിതാവസ്ഥ വളര്‍ത്തുകയുമാണ് ബി.ജെ.പിയുടെ ലക്ഷ്യം. രാഷ്ട്രീയത്തിന്റെ സുതാര്യതയും ജനാധിപത്യ മര്യാദകളും ബി.ജെ.പി ഭരണത്തില്‍ തകര്‍ന്നടിയുകയാണ്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നില്ല. പൊതുഖജനാവിലെ പണമുപയോഗിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്.
16 മാസത്തിനിടെ 75 ജില്ലകള്‍ സന്ദര്‍ശിച്ചുവെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറയുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 50 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ അതുകൊണ്ട് രാജ്യത്തിനോ സംസ്ഥാനത്തിനോ എന്ത് നേട്ടമുണ്ടായെന്ന് ചോദിച്ചാല്‍ ഉത്തരമില്ലെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.