ലക്‌നൗ: ഗുജറാത്തില്‍ നിന്ന് ഏതെങ്കിലും സൈനികര്‍ രക്തസാക്ഷികളായിട്ടുണ്ടോയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്‍പ്പെടെ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഗുജറാത്തില്‍ നിന്ന് ഏതെങ്കിലും സൈനികന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അഖിലേഷ് ചോദിച്ചു. കഴിഞ്ഞ ദിവസം കാശ്മീരിലെ ഷോപ്പിയാനില്‍ ലഫ് ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഖിലേഷിന്റെ പരാമര്‍ശം. എന്നാല്‍ ബി.ജെ.പി ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
രക്തസാക്ഷികളുടേയും ദേശീയതയുടേയും വന്ദേമാതരത്തിന്റേയും പേരില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണ്. എന്താണ് ദേശീയതക്ക് അവര്‍ നല്‍കുന്ന നിര്‍വ്വചനം? നമ്മളെ ഹിന്ദുവായി അംഗീകരിക്കുന്നില്ല അവരെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് വളര്‍ന്നുവരുന്ന അമിതദേശീയതയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിക്കുകയാണ് അഖിലേഷ്.
നിരാശകളില്‍ നിന്നാണ് അഖിലേഷിന്റെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടായതെന്നും രാജ്യത്തെ ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി മിനിസ്റ്റര്‍ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.