ന്യൂഡല്‍ഹി: ആര്‍.എസ്.എസ് രാജ്യത്തെ വര്‍ഗീയതയുടെ പേരില്‍ വിഭജിക്കുകയാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ ആര്‍.എസ്.എസില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ആര്‍.എസ്.എസ് ജനങ്ങളെ വിഭജിക്കുകയാണ്. ഇക്കാരണത്താലാണ് താന്‍ ആര്‍.എസ്.എസിനെ എതിര്‍ക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഡല്‍ഹിയില്‍ ആര്‍.എസ്.എസ് നടത്തുന്ന പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം ആര്‍.എസ്.എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടേയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിച്ചാല്‍ വരുമാനം, തൊഴില്‍ എന്നിവയെ കുറിച്ച് ജനങ്ങള്‍ പാര്‍ട്ടിയോട് ചോദിക്കില്ല എന്നതാണ് ആര്‍.എസ്.എസ് തന്ത്രമെന്നും അഖിലേഷ് പറഞ്ഞു.
തിങ്കളാഴ്ച ഡല്‍ഹിയില്‍ ആര്‍.എസ്.എസ് തിങ്കളാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന കൂറ്റന്‍ യോഗത്തിലേക്ക് മുഖ്യപ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും നിരസിക്കുകയായിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചെന്ന തരത്തില്‍ ആര്‍.എസ്.എസ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.