ലക്‌നോ: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. നമ്മുടെ റെയില്‍വേ മന്ത്രിക്ക് റെയില്‍പാളങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ കഴിവില്ല. ഇതിന് മറയിടാന്‍ അദ്ദേഹം ഐ.എസ് ഭീകരാണ് പാളം തകര്‍ത്തതെന്ന് പ്രധാനമന്ത്രിക്ക് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. യു.പിയിലാണ് ട്രെയിന്‍ അപകടം നടന്നത്. സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ ചുരുങ്ങിയ പക്ഷം എന്താണ് സംഭവിച്ചതെന്ന് തന്നോടെങ്കിലും പറയണമായിരുന്നു. ഒരു വിവരവും നല്‍കിയില്ല. ഒരു സത്യവും ഈ വാദത്തിലില്ല. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഗാസിപൂരില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.