ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന വികാസ് യാത്രക്ക് തുടക്കമായി. കുടുംബ കലഹം സമാജ്‌വാദി പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുമായാണ് യാത്ര സംഘടിപ്പിച്ചത്.
ലക്‌നൗ ലാ മാര്‍ട്ടിനറെ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് ഫഌഗ് ഓഫ് ചെയ്തു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാല്‍ യാദവും സന്നിഹിതനായിരുന്നു. അഖിലേഷിന് എല്ലാവിധ ആശംസകളും നേര്‍ന്ന ശിവ്പാല്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഒരുകാരണവശാലും ബി.ജെ.പിയെ അധികാരത്തില്‍ എത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുലായത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അഖിലേഷ് പ്രസംഗം തുടങ്ങിയത്. ഇത് അധികാരത്തില്‍ തിരിച്ചെത്താനുളള സമയമാണെന്നും യുവാക്കള്‍ കുടുതലായി പാര്‍ട്ടിയിലേക്കെത്തുന്നത് സന്തോഷകരമാണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. ദേശീയ രാഷ്ട്രീയത്തില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നിര്‍ണായകമാവുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയുടെ ഉദ്ഘാടനത്തിനു മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് എറ്റുമുട്ടിയത് കല്ലുകടിയായി. അതേസമയം യാത്ര ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും രഥയാത്രക്കായി ഉപയോഗിച്ച മെഴ്‌സിഡസ് ബസ് തകരാറിലായതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാനായി 25 മിനിറ്റ് യാത്ര നിര്‍ത്തിവെച്ചു.