ഇന്നത്തെ യുവതലമുറക്ക് പ്രായമാകുന്നതിന് മുമ്പ് അഖണ്ഡ ഭാരതം അല്ലെങ്കില്‍ അവിഭക്ത ഇന്ത്യ യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ വിദ്യാര്‍ഥിയുെട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആര്‍.എസ്.എസ് നേതാവ്.
കൃത്യമായി എന്ന് അഖണ്ഡ ഭാരതം യാഥാര്‍ത്ഥ്യമാകും എന്നായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം. നിങ്ങള്‍ അതിനായി പ്രവര്‍ത്തിക്കാന്‍ പോയാല്‍ പ്രായമാകുന്നതിന് മുമ്പ് അത് യാഥാര്‍ത്ഥ്യമാകുന്നത് നിങ്ങള്‍ കാണും. കാരണം ഇന്ത്യയില്‍നിന്ന് വേര് പിരിഞ്ഞവര്‍ക്ക് തെറ്റുപറ്റിയെന്ന് തോന്നുന്ന തരത്തിലാണ് സാഹചര്യങ്ങള്‍ മാറുന്നത്.
നമ്മള്‍ വീണ്ടും ഇന്ത്യയാകേണ്ടതായിരുന്നുവെന്ന് അവര്‍ കരുതുന്നു. ഇന്ത്യയാകാന്‍ ഭൂപടത്തിലെ വരകള്‍ മായ്ക്കണമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അങ്ങനെയല്ല, ഇന്ത്യയെന്നത് ഇന്ത്യയുടെ സ്വഭാവം അംഗീകരിക്കുകയാണ് മോഹന്‍ ഭഗവത് പറഞ്ഞു.
ഇവിടെ മഹല്‍ ഏരിയയിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് 1950 മുതല്‍ 2002 വരെ ദേശീയപതാക ഉയര്‍ത്തിയിട്ടില്ലെന്ന വാദത്തെക്കുറിച്ചും പരിപാടിയില്‍ ചോദ്യമുയര്‍ന്നു. ആളുകള്‍ ഈ ചോദ്യം ഞങ്ങളോട് ചോദിക്കരുതെന്ന് പറഞ്ഞാണ് ആര്‍.എസ്.എസ് നേതാവ് ഈ ചോദ്യത്തോട് പ്രതികരിച്ചത്. ‘എല്ലാ വര്‍ഷവും ആഗസ്റ്റ് 15 നും ജനുവരി 26 നും ഞങ്ങള്‍ എവിടെയായിരുന്നാലും ദേശീയ പതാക ഉയര്‍ത്താറുണ്ട്. മഹലിലെയും നാഗ്പൂരിലെ രേഷിംബാഗിലെയും ഞങ്ങളുടെ രണ്ട് കാമ്പസുകളിലും പതാക ഉയര്‍ത്താറുണ്ട്. ആളുകള്‍ ഈ ചോദ്യം ഞങ്ങളോട് ചോദിക്കാന്‍ പാടില്ല’ മോഹന്‍ ഭഗവത് പറഞ്ഞു.
സമൂഹത്തില്‍ വിവേചനം നിലനില്‍ക്കുന്നയിടത്തോളം കാലം സംവരണം തുടരുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ‘നമ്മുടെ സ്വന്തം ജനങ്ങള്‍ സമൂഹവ്യവസ്ഥയില്‍ പിന്നിലാണ് നില്‍ക്കുന്നത്. നമ്മള്‍ അവരെ പരിഗണിക്കുന്നില്ല. ഇത് 2000 വര്‍ഷമായി തുടരുന്നു. അവര്‍ക്ക് തുല്യത ലഭിക്കുംവരെ ചില പ്രത്യേക കാര്യങ്ങള്‍ ആവശ്യമായി വരും, അതിലൊന്നാണ് സംവരണം. വിവേചനം നിലനില്‍ക്കുന്ന കാലം വരെ സംവരണം തുടരും. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തെ ആര്‍.എസ്.എസ് പിന്തുണക്കും’ മോഹന്‍ ഭഗവത് വ്യക്തമാക്കി.