തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ പടക്കമേറ് നടന്നിട്ട് ഇന്നേക്ക് ഒരു മാസം പിന്നിട്ടു. പടക്കമേറിനൊപ്പം കേരളത്തിന്റെ ‘കിട്ടിയോ’ എന്ന ചോദ്യത്തിനും ഇന്ന് ഒരു മാസം തികഞ്ഞു. ജൂണ്‍ 30ന് രാത്രി 11.30 ഓടെയായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേരെ സ്‌കൂട്ടറിലെത്തിയ വ്യക്തി പടക്കമെറിഞ്ഞത്. ഇത് എറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടാതെ കേസ് അവസാനിപ്പിക്കുകയാണ് പൊലീസ് ചെയ്തത്.
ഒരു മാസമായിട്ടും ഭരണകക്ഷിയുടെ സംസ്ഥാന ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിലെ പ്രതിയെ കണ്ടെത്താനാവാത്തത് പിണറായി സര്‍ക്കാരിനും പൊലീസിനും കടുത്ത നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ച പൊലീസ് പ്രതിയുടെ സി.പി.എം ബന്ധത്തെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
സംഭവം നടന്നതിന് പിന്നാലെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടേതായിരുന്നു ആദ്യ പ്രസ്താവന. എ.കെ.ജി സെന്ററിനകത്തെ മുറിയില്‍ പുസ്തകം വായിക്കുകയായിരുന്ന താന്‍ സ്‌ഫോടന ശബ്ദം കേട്ട് ഇരുന്ന കസേരയില്‍ നിന്നും കുലുങ്ങിപ്പോയി. ഇടി വെട്ടുന്നതിനും അപ്പുറം കെട്ടിടം തകരുന്നത് പോലുള്ള ശബ്ദമായിരുന്നു എന്നതായിരുന്നു ശ്രീമതിയുടെ പ്രതികരണം. ശ്രീമതി അന്നു നടത്തിയ പ്രസ്താവന ഇപ്പോഴും ട്രോളര്‍മാര്‍ക്ക് ചാകരയാണ്.
എ.കെ.ജി സെന്ററിനു നേരെ മാരക ശേഷിയുള്ള ബോംബെറിഞ്ഞു എന്ന തരത്തിലായിരുന്നു സി.പി.എം നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ സാധാരണ പടക്കമാണ് എറിഞ്ഞതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെ സി.പി.എം നേതാക്കളുടെ വാദം ഊതിവീര്‍പ്പിച്ചവയായിരുന്നു എന്ന് തെളിഞ്ഞു.
എ.കെ.ജി സെന്ററിനു നേരെ പടക്കമെറിഞ്ഞ പ്രതിയെ പിടികൂടാന്‍ സി.പി.എം നേതൃത്വത്തിനും സര്‍ക്കാരിനും ഒരു താല്‍പര്യവുമില്ലെന്നാണ് എല്‍.ഡി.എഫ് കണ്‍വീനറുടെ അടക്കം പ്രതികരണങ്ങളില്‍ വ്യക്തമാവുന്നത്. സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് പിന്നില്‍ സി.പി.എം തിരക്കഥ തന്നെയാണെന്ന ആക്ഷേപങ്ങള്‍ക്ക് ശക്തി കൂട്ടുന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരും സി.പി.എമ്മും കാണിക്കുന്ന ഉദാസീനത.