X

എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി എവിടെ?

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേര്‍ക്ക് നാടന്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ദൂരൂഹത. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ നിയമസഭയിലും പുറത്തും മുഖം വികൃതമായ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പരിചയൊരുക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് വിലയിരുത്തല്‍.

പ്രതിപക്ഷത്തിന്റെ ഈ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന സാഹചര്യത്തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. 24 മണിക്കൂര്‍ പൊലീസ് സാന്നിധ്യവുമുള്ളതും സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കുന്നുകുഴിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഓഫീസിന് നേരെ സുബോധമുള്ള ആരും ഇത്തരമൊരുകൃത്യം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ഇത് ചെയ്തയാളിന് പാര്‍ട്ടിക്കാരുടെ കണ്ണില്‍ പെടാതെ അവിടുന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല. മാത്രമല്ല ചുറ്റുപാടും ട്രാഫിക് ക്യാമറയുള്ളതിനാല്‍ പൊലീസിന് മണിക്കൂറിനുള്ളില്‍ തന്നെ ആളിനെ പിടികൂടാനും കഴിയും. ഇതൊന്നും ഉണ്ടാകാത്തതാണ് ദുരൂഹതയുണര്‍ത്തുന്നത്. സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ളയാളാണ് എ.കെ.ജി സെന്ററിനു നേരെയുള്ള അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ബോംബെറിഞ്ഞ ആളുടെ കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നു.

മൂക്കിന് താഴെ പൊലീസ് ഇരുട്ടില്‍

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ നാടന്‍ പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടാനാകാതെ പൊലീസ് ഇരുട്ടില്‍. അസി.കമ്മിഷണര്‍ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡപ്യൂട്ടി കമ്മിഷണര്‍ എ.നസീം മേല്‍നോട്ടം വഹിക്കും. സൈബര്‍സെല്‍ ഡിവൈ.എസ.്പി ടി.ശ്യാംലാലിനെയും കന്റോണ്‍മെന്റ് സി.ഐ ബി.എം.ഷാഫിയെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ അനുസരിച്ച് പൊലീസ് എത്തിയ നിഗമനം അവരെ കുഴയ്ക്കുകയാണ്. സംഭവത്തിലെ പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടോയെന്നുള്ള സംശയമാണ് പൊലീസിനെ വലയ്ക്കുന്നത്.

അതേസമയം, സ്‌ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകള്‍ ലഭിച്ചതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ അറിയിച്ചു. അക്രമിയെ വേഗം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. സ്‌ഫോടക വസ്തു എറിയുന്ന സിസി ടിവി ദൃശ്യത്തില്‍ ഒരാള്‍ മാത്രമാണ് ഉള്ളത്. കൂടുതല്‍ ആളുണ്ടോയെന്ന് പരിശോധിക്കുന്നതായും വിജയ് സാഖറെ പറഞ്ഞു.

എ.കെ.ജി സെന്ററിലെ ജീവനക്കാര്‍ നല്‍കിയ പരാതി പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 436, എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി 436 അനുസരിച്ചുള്ള തീവയ്പ്പിന് 10 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) അനുസരിച്ച് പത്തുവര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാം. ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തുകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും രാത്രി ആയതിനാല്‍ വ്യക്തമല്ലെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വ്യാഴാഴ്ചരാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എ.കെ.ജി സെന്ററിന് മുന്നിലെ റോഡിലാണ് സ്‌ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു.

Chandrika Web: