X

എ.കെ.ജി സെന്റര്‍ അക്രമണം; അറസ്റ്റ് വൈകുന്നതില്‍ ദുരൂഹത: പി.എം.എ സലാം

എ.കെ.ജി സെന്റര്‍ അക്രമണത്തില്‍ പ്രതികളെ പിടികൂടുന്നതിലും അറസ്റ്റ് വൈകുന്നതിലും ദുരൂഹതയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ഉയര്‍ത്തിയ രാഷ്ട്രീയ ആരാേപണങ്ങളില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും സഹായിക്കാനായി സൃഷ്ടിച്ച നാടകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനും കുറ്റം മറച്ചു വെക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സി.പി.എമ്മും സര്‍ക്കാരും വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഈ ആക്രമണം. ഇതില്‍നിന്ന് വിഷയം വഴിതിരിച്ചുവിടാനുള്ള ആക്രമണമായിട്ടേ ഇതിനെ കാണാനാവൂ. – പി.എം.എ സലാം പറഞ്ഞു.

ആരോപണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് പുകമറ സൃഷ്ടിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുതല്‍ സി.പി.എം പ്രതിരോധത്തിലാണ്. സി.സി.ടി.വി ദൃശ്യമുണ്ടായിട്ട് പോലും സ്‌കൂട്ടറിന്റെ ഉടമസ്ഥനെ പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജനങ്ങളുടെ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടുള്ള ചെപ്പടി വിദ്യകളാണിത്. കാവല്‍ക്കാരില്ലാത്ത ഓഡിറ്റോറിയത്തിന്റെ ഗേറ്റിലാണ് ബോംബെറിഞ്ഞത്. ഇവിടെനിന്ന് കാവല്‍ക്കാരെ മാറ്റിയത് ആരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Chandrika Web: