രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ എഫ് എം ട്രാൻസ്‌മീറ്ററുകൾ ഇന്ന് പ്രവർത്തനം ആരംഭിക്കും കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയിലുമാണ് പ്രക്ഷേപണികൾ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്സ് , പത്തനംതിട്ടയിലേത് 100 മെഗാഹെർഡ്‌സും ആണ്. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ അഞ്ചര മണി മുതൽ രാത്രി 11. 10 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ് എം റേഡിയോ ശ്രോതാക്കൾക്കും എഫ് എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാവുന്നതാണ് .
പത്തനംതിട്ടയിലെ ട്രാൻസ്‌മീറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയർന്ന പ്രദേശമായ മണ്ണാറമലയിലായതിനാൽ വ്യക്തത അല്പം കുറഞ്ഞാലും 25 കിലോമീറ്റർ ചുറ്റളവിൽവരെ പരിപാടികൾ കേൾക്കാനാകുമെന്ന് ആകാശവാണി വൃത്തങ്ങൾ അറിയിച്ചു. ട്രാൻസ്മിറ്ററുകളുടെ ഉത്ഘാടനം പ്രധനമന്ത്രി ഓൺലൈനായി നിർവഹിച്ചു.