ന്യൂഡല്‍ഹി: ഓഗസ്റ്റ് ഏഴിന് സര്‍വീസാരംഭിക്കുന്ന ആകാശ എയര്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മുംബൈ-അഹമദാബാദ് റൂട്ടിലാണ് അകാശ എയറിന്റെ കന്നിയാത്ര. ബോയിങ് 737 മാക്സ് വിമാനമാണ് ആദ്യസര്‍വീസ് നടത്തുന്നത്. മുംബൈ-അഹമദാബാദ് റൂട്ടില്‍ പ്രതിവാര സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി അകാശ എയര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബെംഗളൂരു-കൊച്ചി വിമാന സര്‍വീസ് ഓഗസ്റ്റ് 13 ന് ആരംഭിക്കും. രണ്ട് ബോയിങ് 737 മാക്സ് വിമാനങ്ങളാണ് അകാശയ്ക്ക് വേണ്ടി ആകാശ യാത്രക്കൊരുങ്ങുന്നത്.
ഒരു വിമാനം ബോയിങ് നേരത്തെ അകാശയ്ക്ക് കൈമാറിയിരുന്നു. രണ്ടാമത്തെ വിമാനം ജൂലായ് അവസാനം കൈമാറും. ഘട്ടംഘട്ടമായി സര്‍വീസ് വിപുലീകരിക്കുമെന്നും കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് ആരംഭിക്കുമെന്നും അകാശയുടെ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ അറിയിച്ചു. വ്യവസായ പ്രമുഖനായ രാകേഷ് ജുന്‍ജുന്‍വാലയാണ് അകാശ എയറിനായി പ്രധാനമായും മുതല്‍മുടക്കുന്നത്. ജൂലായ് ഏഴിനാണ് അകാശ എയറിന് എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.