X

‘ആകാശ് നിരപരാധി ‘; പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന് ആകാശിന്റെ പിതാവ്

കണ്ണൂര്‍: ശുഹൈബിന്റെ കൊല നടക്കുന്ന സമയത്ത് കേസില്‍ അറസ്റ്റിലായ ആകാശും രജിനും ക്ഷേത്രത്തിലായിരുന്നുവെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി. കേസില്‍ ഇരുവരും നിരപരാധികളാണെന്ന് രവി പറഞ്ഞു.

ബോംബ് കേസില്‍ ബി.ജെ.പി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍ പോയത്. ആകാശ് സ്റ്റേഷനില്‍ കീഴടങ്ങിയതല്ല. സ്റ്റേഷനിലേക്ക് പോകുംവഴി അറസ്റ്റ് ചെയ്തതാണെന്നും പിതാവ് പറഞ്ഞു. അതേസമയം, ആകാശിന്റെ അറസ്റ്റിനുശേഷം പാര്‍ട്ടിയെ സമീപിച്ചുവെന്നും പാര്‍ട്ടി കയ്യൊഴിയുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞതെന്നും രവി പറയുന്നു.

അതേസമയം, ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന പ്രസ്താവനയിലാണ് പിണറായി അതൃപ്തി അറിയിച്ചത്. തൃശ്ശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് പിണറായി ഇക്കാര്യം നേരിട്ട് പി ജയരാജനെ അറിയിക്കുകയായിരുന്നു.

വിഷയത്തില്‍ പിണറായിയും പി.ജയരാജനും കൊടിയേരിയും ചര്‍ച്ച നടത്തി. ആകാശ് പാര്‍ട്ടി അംഗമാണെന്നും ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ഇന്നലെ പി.ജയരാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടാണ് കൊടിയേരി രംഗത്തെത്തിയത്.

ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷണം വേണ്ടെന്നും പൊലീസിന്റെ പണി പാര്‍ട്ടി ചെയ്യേണ്ടെന്നുമായിരുന്നു കൊടിയേരിയുടെ പ്രതികരണം. തുടര്‍ന്നാണ് സമ്മേളന വേദിയില്‍ മൂന്നുപേരുടേയും കൂടിക്കാഴ്ച്ച. സംസ്ഥാന സമ്മേളനത്തിനുശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം ചെയ്‌തെന്ന് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയിലുണ്ടായ സംഭവ വികാസങ്ങള്‍ മറ്റിടങ്ങളിലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി മറ്റുജില്ലകളിലെ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

chandrika: