ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ കര്‍ണാടക ബി.ജെ.പിയില്‍ കലാപക്കൊടി. സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ രംഗത്ത്. പാര്‍ട്ടിക്കെതിരെ മത്സരിക്കുമെന്ന തുറന്ന പ്രഖ്യാപനവും ഷെട്ടാര്‍ നടത്തി. നാമ നിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ ആരംഭിക്കാനിരിക്കെയാണ് ഷെട്ടാര്‍ പാളയത്തില്‍ പടയ്‌ക്കൊരുങ്ങുന്നത്. ബി.ജെ.പിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടു പിന്നാലെയാണ് ഷെട്ടാറിന്റെ രംഗപ്രവേശം. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളോടും പ്രായക്കൂടുതല്‍ ചൂണ്ടിക്കാട്ടി മാറി നില്‍ക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇക്കൂട്ടത്തിലാണ് ജഗദീഷ് ഷെട്ടാറിനും സീറ്റ് നിഷേധിച്ചത്. ”ആറു തവണ മത്സരിച്ചപ്പോഴും 21,000 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിച്ചിട്ടുണ്ട്. പിന്നെ എന്താണ് തന്റെ അയോഗ്യത”യെന്നാ ണ് ഷെട്ടാറിന്റെ ചോദ്യം.
അതേസമയം ,തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ബി.ജെ.പിക്കു മുന്നില്‍ കീറാമുട്ടിയായി തുടരുന്നതിനിടെയാണ് നാലു പതിറ്റാണ്ടിലധികം രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന ഈശ്വരപ്പയുടെ അപ്രതീക്ഷിത പിന്മാറ്റം.
മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഈശ്വരപ്പക്ക് സീറ്റ് നല്‍കാന്‍ ബി.ജെ. പി ദേശീയ നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ ഇത് കൂടുതല്‍ ചര്‍ച്ചക്ക് വഴിവെക്കാതിരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് അദ്ദേഹം മുന്‍കൂട്ടി വിടവാങ്ങല്‍ പ്രഖ്യാപിച്ചതെന്നാണ് വിവരം. ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദക്ക് എഴുതിയ കത്തിലാണ് വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ പരിഗണിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ എന്തുകൊണ്ട് പെട്ടെന്നൊരു പിന്‍വാങ്ങല്‍ എന്ന ചോദ്യത്തിന് ഈശ്വരപ്പയോ ബി.ജെ.പി സംസ്ഥാന നേതൃത്വമോ വിശദീകരണം നല്‍കിയിട്ടില്ല. 75 വയസ്സു കഴിഞ്ഞവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ വഹിക്കുന്നതിനും ബി.ജെ.പിയില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം ജൂണില്‍ ഈശ്വരപ്പ് 75 വയസ്സ് തിയകും. ഇത് മുന്നില്‍ കണ്ടാണ് തഴഞ്ഞതെന്നാണ് വിവരം.
അതേസമയം സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പിന്‍വാങ്ങല്‍ പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളെ കണ്ട ഈശ്വരപ്പ പറഞ്ഞു. കര്‍ണാടകയില്‍ നിരവധി തവണ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ബി.എസ് യദ്യൂരപ്പ നാലു തവണ മുഖ്യമന്ത്രിയായി. സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടാറും ബാസവരാജ് ബൊമ്മൈയും മുഖ്യമന്ത്രിമാരായി.