ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിച്ച നടപടിയില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം. ശിവസേനക്കുപുറമെ സര്‍ക്കാരിനെ വിമര്‍ശിച്ച് ഘടകകക്ഷിയായ അകാലിദളും രംഗത്തെത്തി. 50 ദിവസംകൊണ്ട് പണപ്രശ്‌നം പരിഹരിക്കപ്പെടുകയില്ലെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.
ഗ്രാമത്തിലെ സ്ത്രീകളാണ് ഇതിന്റെ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നത്. 50ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് അവരുടെ പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവാന്‍ പാടില്ലായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നാല്‍ അല്‍പ്പം കൂടി കരുതലോടെ വേണമായിരുന്നു ഇത് നടപ്പിലാക്കാനെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ സഹകരണ ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തണമെന്നും, 4500 രൂപ പ്രതിദിനം പിന്‍വലിക്കാമെന്നുമുള്ളതിന്റെ പരിധി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. സ്വിസ് ബാങ്കിലാണ് കള്ളപ്പണമുള്ളതെന്നും അവിടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മോദി തയ്യാറുണ്ടോയെന്നും ഉദ്ധവ് ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ അകാലിദളും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്താകമാനം നോട്ട് പിന്‍വലിക്കല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം, നടപടി പരിശോധിക്കില്ലെന്ന് മോദി വ്യക്തമാക്കി. രാജ്യം ഒപ്പമുണ്ടെന്നും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോദി പറഞ്ഞു.