X

നോട്ട്‌ അസാധു നടപടി; എന്‍.ഡി.എയില്‍ ഭിന്നത

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാര്‍ തീരുമാനത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശിവസേന പ്രതികരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ഭരണകക്ഷിയായ അകാലിദളും രംഗത്ത്.

കള്ളപ്പണം തടയാന്‍ സ്വീകരിച്ച ഇപ്പോഴത്തെ നടപടി പ്രായോഗികമല്ലെന്ന് ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ ബാദല്‍ അഭിപ്രായപ്പെട്ടു. നോട്ടു അസാധു ആക്കിയത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് ജനങ്ങള്‍ക്ക് ദുരിതം വിതക്കുമെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കായിരിക്കും ഈ നടപടി മൂലം കൂടുതല്‍ ദുരിതം ഏറ്റുവാങ്ങേണ്ടി വരുക. പ്രത്യേകിച്ച് വിവാഹ സീസണുകളില്‍ അവരെ ഏറെ വലക്കുന്ന നടപടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദിവസേന നാലായിരമോ നാലായിരത്തി അയ്യൂറോ പിന്‍വലിക്കാം എന്നതു തികയുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. ഈ തുക ഉയര്‍ത്തേണ്ടതുണ്ട്. അതുപോലെതന്നെ ദുരിത പരിഹാരത്തിനായി സഹകരണ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

അതേസമയം, ഞങ്ങള്‍ പ്രധാനമന്ത്രിയെ പിന്തുണക്കുന്നുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ക്ക് അവരുടെ പണം കിട്ടാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ നടപടി ശരിയായില്ലെന്നും സുഖ്ബീര്‍ ബാദല്‍ കൂട്ടിച്ചേര്‍ത്തു.

chandrika: