ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലില്‍ ബിജെപിക്കും മോദി സര്‍ക്കാറിനും കനത്ത തിരിച്ചടി. ബില്ലില്‍പ്രതിഷേധിച്ച് പ്രമുഖ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു. ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പാര്‍ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി.
പാർലമെന്‍റിൽ പാസാക്കിയ കർഷക ബില്ലിന്‍റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ അറിയിച്ചു. ഇതേ വിഷയം ചൂണ്ടിക്കാട്ടിയാണ് ഹർസിമ്രത് കൌർ നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കോര്‍പ്പറേറ്റ് വല്‍ക്കരണത്തില്‍ ഭ്രമിച്ച സര്‍ക്കാര്‍ വിഷയം ഗൗനിച്ചിരുന്നില്ല.
ഇതോടെ ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയുടെ തെറ്റിപിരിയലിനാണ് മോദി നേതൃത്വം സാക്ഷിയാവുന്നത്. ജനസംഘമായിരുന്ന കാലം മുതൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദൾ. 1997 മുതൽ ഇരു പാർട്ടികളും സഖ്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകളെ നേരിട്ടുവന്നത്.
കർഷക ബില്ലിനെതിരെ തുടക്കം മുതൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ശിരോമണി അകാലിദൾ സ്വീകരിച്ചിരുന്നത്. കേന്ദ്രസർക്കാർ പാർലമെന്‍റിൽ കൊണ്ടുവന്ന മൂന്നു ബില്ലുകളെയും എതിർത്താണ് ശിരോമണി അകാലിദൾ വോട്ട് ചെയ്തത്. എന്നാൽ ബില്ലുകൾ ശബ്ദ വോട്ടോടെ പാർലമെന്‍റിലെ ഇരു സഭകളിലും പാസാക്കുകയായിരുന്നു.
ബിൽ കർഷകവിരുദ്ധമാണെന്നും താൻ കർഷകർക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പഞ്ചാബിൽനിന്നുള്ള ഹർസിമ്രത് കൌർ മോദി മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. സെപ്റ്റംബർ 17നായിരുന്നു ഹർസിമ്രതിന്‍റെ രാജി. തങ്ങൾ ഉൾപ്പെടുന്ന സർക്കാർ കൊണ്ടുവന്ന ബിൽ കർഷക വിരുദ്ധമാണെന്നായിരുന്നു പാർട്ടി വ്യക്തമാക്കിയത്. കർഷക ബില്ലിൽ ശിരോമണി അകാലിദളിനൊപ്പം എൻഡിഎ ഘടകകക്ഷിയായ ജനതാദൾ യുവും ഹരിയാനയിലെ ജെജെപിയും ബിജെപിയുമായി ഭിന്നതയിലാണ്.