തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളില്‍ തെരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചെന്ന് പ്രചാരണം. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും കാണാതായവര്‍ക്കായി ഇപ്പോഴും ഊര്‍ജ്ജിതമായ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് തെരച്ചില്‍ നിര്‍ത്താന്‍ ആലോചിക്കുന്നതായി പ്രചാരണം നടക്കുന്നത്. ഇതിന് മറുപടിയുമായി മന്ത്രി ഏ.കെ ശശീന്ദ്രന്‍ രംഗത്തെത്തി.
പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ബന്ധുക്കളുടെ തൃപ്തിക്കനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
കേരള ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്കിലൂടെയും പ്രചാരണത്തോട് പ്രതികരിച്ചു. ‘ഉരുള്‍പൊട്ടല്‍ നടന്ന ഒരു സ്ഥലത്തും തിരച്ചില്‍ നിര്‍ത്താന്‍ തീരുമാനം എടുത്തിട്ടില്ല . തിരച്ചില്‍ തുടരുന്നു എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു,’ ഫെയ്‌സ്ബുക്കില്‍ ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. അതേസമയം, കവളപ്പാറയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു.