എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ രാജിയില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. രാജിവെക്കാന്‍ പിസി ചാക്കോയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു വനംമന്ത്രിയുടെ പ്രതികരണം. രാജിക്കത്ത് കൊടുക്കുന്ന വേളയില്‍ അദ്ദേഹം തന്നെ വിളിച്ചിരുന്നു. രാജി വെക്കുന്നതിന് മുന്‍പ് ഇക്കാര്യം തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്‍സിപിക്ക് വളരെ നിര്‍ണായകമാണ്. പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കേണ്ട എന്ന് കരുതിയാകും ചാക്കോ രാജിവെച്ചത്. പാര്‍ട്ടിയില്‍ സ്‌ളിപ്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആര്‍ക്കും ആലോചിക്കാന്‍ കഴിയില്ല. രാജിവെച്ചാലും എല്ലാവരും ചേര്‍ന്ന് ഒത്തൊരുമയോടെ മുന്നോട്ട് പോകും എന്നും വനംമന്ത്രി വ്യക്തമാക്കി.
അതേസമയം പിസി ചാക്കോ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യപരമായി പെരുമാറണമായിരുന്നു എന്നും ശശീന്ദ്രന്‍ വിമര്‍ശിച്ചു. സീനിയര്‍ നേതാക്കന്മാരെ പിസി ചാക്കോ കേള്‍ക്കണമായിരുന്നു. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് പുറത്തുള്ള രാഷ്ട്രീയത്തില്‍ ചാക്കോയ്ക്ക് സാധ്യതയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം എന്‍സിപി പ്രസിഡന്റായി തോമസ് കെ തോമസിനെ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും യോഗ്യരല്ലേ എന്നും പൊതുജീവിതത്തിലെ അനുഭവവും പരിചയസമ്പത്തും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം ആണെന്നും ശരത് പവാര്‍ എന്ത് തീരുമാനം എടുത്താലും അതിനോട് പാര്‍ട്ടി അംഗങ്ങളെല്ലാം പൂര്‍ണമായി സഹകരിക്കുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ആര് എന്‍സിപി പ്രസിഡന്റായാലും താന്‍ സഹകരിക്കുമെന്നും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. അടുത്ത എന്‍സിപി പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാണ്. അതേ സമയം മന്ത്രിമാറ്റ ചര്‍ച്ചയിലും അദ്ദേഹം പ്രതികരിച്ചു. ഇപ്പോള്‍ അത്തരത്തിലൊരു ചര്‍ച്ച പാര്‍ട്ടിയിലില്ല..ശരദ് പവാര്‍ തന്നോട് രാജിവെയ്ക്കാന്‍ പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും താന്‍ രാജിവെയ്ക്കും. പക്ഷേ മന്ത്രിസഭയില്‍ എന്‍സിപിയുടെ പാര്‍ട്ടി പ്രതിനിധി ഉണ്ടായിരിക്കണം എന്ന ഒറ്റ ഉപാധി മാത്രമേ തനിക്ക് ഉള്ളൂവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.