തിരുവനന്തപുരം: മുന്‍ മന്ത്രി ഏ.കെ ശശീന്ദ്രനുനേരെ ഉയര്‍ന്നുവന്ന ലൈംഗിക സംഭാഷണ ആരോപണം പുറത്തുവിട്ട മംഗളം ചാനല്‍ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ. ശശീന്ദ്രനെതിരെ വന്ന ആരോപണം സംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു ചാനല്‍ അതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തുവിട്ടതാണിത്. ഈ ചാനല്‍ ഉദ്ഘാടനം ചെയ്തത് താനാണ്. നിങ്ങള്‍ ഉദ്ഘാടനത്തിന് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമല്ലോ എന്ന് അന്നുതന്നെ അവരോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടെലഫോണ്‍ സംഭാഷണത്തില്‍ പോലീസ് അന്വേഷണം നടത്തും. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് മുഖ്യമന്ത്രി അറിയിക്കും. അതേസമയം, അനില്‍ അക്കര എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി. സ്ത്രീകള്‍ക്കാകെ നാണക്കേടായ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ശശീന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് അനില്‍ അക്കരയുടെ പരാതിയിലെ ആവശ്യം.
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ ശശീന്ദ്രന്‍ കണ്ടിരുന്നു. വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത വകുപ്പ് ഇപ്പോള്‍ മുഖ്യമന്ത്രിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പുതിയൊരു മന്ത്രി പെട്ടെന്നുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം എന്‍.സി.പിയുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്നലെയാണ് മംഗളം ചാനല്‍ ശശീന്ദ്രന്‍ ഉള്‍പ്പെട്ടിട്ടുള്ള ലൈംഗിക സംഭാഷണം പുറത്തുവിടുന്നത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു ഏ.കെ ശശീന്ദ്രന്‍. പാര്‍ട്ടിയുടേയും ഇടതുസര്‍ക്കാരിന്റേയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. രാജി കുറ്റസമ്മതമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.