X

പത്തുമാസത്തിനിടെ പിണറായി സര്‍ക്കാരിന് രണ്ടു വിക്കറ്റ് നഷ്ടം; ശശീന്ദ്രനും പുറത്തേക്ക്

കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി പത്തുമാസത്തിനിടെ രാജിവെക്കുന്നത് രണ്ടാമത്തെ മന്ത്രി. ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രനാണ് സ്ത്രീയോട് ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്നതിന്റെ പേരില്‍ രാജിവെക്കുന്നത്. മംഗളം ചാനലാണ് ഇതു സംബന്ധിച്ചുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ വ്യവസായ-കായിക മന്ത്രിയായിരുന്ന ഇ.പി ജയരാജനും മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് അന്ന് ജയരാജന്‍ രാജിവെച്ചത്.

ഇന്ന് ഉച്ചയോടെയാണ് പരാതിയുമായി എത്തിയ സ്ത്രീയോട് മന്ത്രി മോശമായി പെരുമാറിയതെന്ന രീതിയിലുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവരുന്നത്. മന്ത്രി നിരന്തരമായി സ്ത്രീയോട് മോശമായി സംസാരിക്കുന്നുവെന്നാണ് ചാനല്‍ പറയുന്നത്. സംഭവം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുമായി മന്ത്രി ചര്‍ച്ച നടത്തി. തുടര്‍ന്ന് കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. രാഷ്ട്രീയമായ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്ന് മന്ത്രി പറഞ്ഞു.

രാജിയൊരിക്കലും കുറ്റസമ്മതല്ല. പാര്‍ട്ടിയുടേയും ഇടത് സര്‍ക്കാരിന്റേയും പ്രതിച്ഛായ നിലനിര്‍ത്തലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏത് ഏജന്‍സിയുടേയും അന്വേഷണത്തിന് തയ്യാറാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

chandrika: