തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ നിയമസഭയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി.
സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. കേസില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി. പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും പോലീസ് റിപ്പോര്‍ട്ട് സഭയില്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. വിഷയത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിയമനടപടികളുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.സി. വിഷ്ണുനാഥ് ആരോപിച്ചു.
പരാതിക്കാരെ വിളിച്ച് പരാതി ഒതുക്കലാണോ മന്ത്രിമാരുടെ പണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു. പോലീസ് മുഖ്യമന്ത്രിയെ പറ്റിക്കുകയാണ്. പോലീസിന്റെ കള്ള റിപ്പോര്‍ട്ട് വായിക്കാന്‍ വിധിക്കപ്പെട്ടവനായി മുഖ്യമന്ത്രി മാറുന്നു. വേട്ടക്കാര്‍ക്ക് ഒപ്പമാണ് സര്‍ക്കാരെന്നും സതീശന്‍.