ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ വില വെളിപ്പെടുത്തുന്നതിന് വിലക്കുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തെറ്റാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. റാഫേല്‍ ഇടപാട് സംബന്ധിച്ച വ്യാജ പ്രസ്താവന നടത്തി പ്രതിരോധമന്ത്രിയും മോദിയും പാര്‍ലമെന്റിനേയും രാജ്യത്തേയും തെറ്റിദ്ധരിപ്പിക്കുകയാണ്. 2008ല്‍ ഫ്രാന്‍സുമായി പ്രതിരോധ മേഖലയില്‍ ഒപ്പിട്ട കരാര്‍ ആണ് ബി.ജെ.പി സഭയില്‍ ഹാജരാക്കിയത്. 2008ല്‍ റാഫേലിനെ തിരഞ്ഞെടുത്തിട്ടുപോലുമില്ല. റാഫേല്‍ ഉള്‍പ്പെടെ ആറ് കമ്പനികളാണ് ഇന്ത്യക്ക് യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍ തയ്യാറായി രംഗത്തുണ്ടായിരുന്നത്. 2012ലാണ് റാഫേലിനെ തിരഞ്ഞെടുത്തത്. ഇടപാട് സംബന്ധിച്ച് ഇരു സര്‍ക്കാറുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ഥ്യമാക്കാനായില്ല.
യു.പി.എ സര്‍ക്കാര്‍ ധാരണയിലെത്തിയതിനെക്കാള്‍ ഭീമമായ തുകക്കാണ് മോദി സര്‍ക്കാര്‍ റാഫേല്‍ ഇടപാടിന് സമ്മതിച്ചത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങള്‍ എന്നിവയുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റാഫേല്‍ ഇടപാടിന്റെ വില പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടും മോദിയും സംഘവും അതിന് തയ്യാറാവാത്തത് ദുരൂഹമാണ്. യുദ്ധവിമാന നിര്‍മാണം എച്ച്.എ.എല്ലില്‍ നിന്ന് എടുത്തുമാറ്റി ഈ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്ക് കൈമാറിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആന്റണി ആരോപിച്ചു.