X

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കും: ആന്റണി

മതതീവ്രവാദത്തേയും വര്‍ഗീയ ശക്തികളേയും എതിര്‍ക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ആരുമായും സഹകരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ചും സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അധികാരത്തില്‍ വന്ന മൂന്ന് വര്‍ഷം കൊണ്ട് ദേശീയ നേതാക്കളെ തമസ്‌കരിക്കാന്‍ ശ്രമം നടക്കുന്നു. ഭാരതീയ ജനസംഘം അധ്യക്ഷനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയെ രാഷ്ട്രപിതാവ് അക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അര്‍.എസ്.എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളാക്കാനും ശ്രമിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചരിത്രം തിരുത്തി എഴുതുകയാണ്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ചരിത്രം വളച്ചൊടിക്കുന്നു.
കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. നോട്ട് നിരോധനം കൊണ്ട് എന്തുനേടിയെന്ന ചോദ്യത്തിന് ഉത്തരം പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയാണ്. ജനങ്ങളുടെ കോടതിയില്‍ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ മോദി നിര്‍ബന്ധിതനാകും. ഇല്ലെങ്കില്‍ നരേന്ദ്രമോദിയെ കൊണ്ട് കോണ്‍ഗ്രസ് ഉത്തരം പറയിപ്പിക്കുമെന്നും ആന്റണി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ സ്വയം രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ് ഇന്ദിരാഗാന്ധി. ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഏതറ്റംവരേയും പോകാന്‍ തയാറായ വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍. ഇരുവരുടേയും സ്മരണ ആവേശം പകരുന്നതാണ്.
ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ മതനിരപേക്ഷതക്ക് ഭീഷണിയാണെന്ന് കണ്ടപ്പോള്‍ ആ സംഘടനയെ നിരോധിക്കാന്‍ വല്ലഭായി പട്ടേല്‍ അസാമാന്യ ചങ്കൂറ്റം കാട്ടി. പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തിന്റെ വികസനപുരോഗതി കൈവരിക്കാനും സാമ്പത്തിക അടിത്തറപാകാനും ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞതായും ആന്റണി പറഞ്ഞു.
മതേതരത്വത്തിന്റെ കാവല്‍ മാലാഖയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. മതേതരത്വത്തിന്റെ ആരാച്ചാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേര് പറയാന്‍പോലും ബി.ജെ.പിക്ക് അര്‍ഹതയില്ല. രാജ്യത്ത് ഐക്യം കൊണ്ടുവന്നത് പട്ടേലാണ്. ബി.ജെ.പി രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. പട്ടേലിന്റെ സ്മരണാര്‍ത്ഥം ബി.ജെ.പി നടത്തുന്ന റണ്‍ ഫോര്‍ യൂണിറ്റി എന്ന പരിപാടിയുടെ പേരുമാറ്റി റണ്‍ ഫോര്‍ ഡിവൈഡ് എന്നാക്കുന്നതാണ് ഉചിതമെന്നും ഹസന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധിയുടേയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റേയും ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണ പിള്ള, വി.എം.സുധീരന്‍, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, തലേക്കുന്നില്‍ ബഷീര്‍, എം.എം.നസീര്‍, മണക്കാട് സുരേഷ്, ആര്‍.വത്സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

chandrika: