X

മോദി മന്‍മോഹന്‍ സിങിനെ കണ്ടുപഠിക്കണം; സാമാന്യ മര്യാദയെങ്കിലും കാണിക്കണം: ആന്റണി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ തനിക്കുപറ്റിയ തെറ്റ് ഏറ്റു പറയാനുള്ള സാമാന്യ മര്യാദയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. നോട്ട് നിരോധനത്തനത്തെ തുടര്‍ന്നുണ്ടായ ദുരിതം മാറാന്‍ പ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയ 50 ദിവസം പിന്നിട്ടിട്ടും ദുരിതങ്ങള്‍ക്കു മാറ്റമില്ലെന്നും നോട്ട് നിരോധനം വന്‍പരാജയമാണെന്നും ആന്റണി പറഞ്ഞു. പണരഹിത, ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചാണു പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഞങ്ങളാരും അതിന് എതിരല്ല. അതേസമയം ഒറ്റയടിക്കു പണരഹിത ഇന്ത്യയുണ്ടാക്കാം എന്ന ചിന്ത മോദിയുടെ വ്യാമോഹമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ടുപഠിക്കണം. അല്ലാതെ ഉട്ടോപ്പിയയിലെ രാജാവാകാന്‍ മോദി ശ്രമിക്കരുതെന്നും ആന്റണി പരിഹസിച്ചു. ലോകത്ത് എവിടെയെങ്കിലും പണരഹിത രാജ്യമുണ്ടോയെന്നും ആന്റണി ചോദിച്ചു.

കള്ളപ്പണം കണ്ടുപിടിക്കാന്‍ സംവിധാനമില്ല എന്നു പറഞ്ഞാണു കേന്ദ്രം സഹകരണ സംഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കേണ്ടവര്‍ എല്ലാം വെളുപ്പിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ പറഞ്ഞ കാലയളവും കഴിഞ്ഞു. ഇനി എത്രയും വേഗം സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രം എടുത്തുകളയണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

chandrika: