X

പിണറായിയുടെ നാലാംകിട രാഷ്ട്രീയക്കാരുടെ നടപടി; തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്നും ഏ.കെ ആന്റണി

ന്യൂഡല്‍ഹി: സോളാര്‍ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നടത്തിയ വാര്‍ത്താസമ്മേളനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആന്റണി പറഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടാല്‍ മാത്രമേ പ്രതികരണത്തിന് സാധിക്കുകയുള്ളൂ. വേങ്ങരയിലെ പോളിങ് ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രിസഭ കൂടി രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടി നീങ്ങിയത് ശരിയായ പ്രവണതയല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനാധിപത്യവാദികളും ഇന്നീ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്റെ ദുരുദ്ദേശ്യം മനസ്സിലാക്കും. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ മറവില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അടിത്തറ തകര്‍ക്കാം എന്നുള്ളത് വ്യാമോഹമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

രാവിലെയാണ് സോളാര്‍ കേസിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചുവെന്ന് പിണറായി അറിയിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ശുപാര്‍ശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

chandrika: