ന്യൂഡല്‍ഹി: കെവിന്റെ ദുരഭിമാനക്കൊലയുടെ ഉത്തരവാദിത്തം സര്‍ക്കാരും മുഖ്യമന്ത്രിയും ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഈ സംഭവത്തില്‍ പൊലീസിന് പറ്റിയ വീഴ്ച്ച മുഖ്യമന്ത്രിയല്ല ആര് ന്യായീകരിക്കാന്‍ ശ്രമിച്ചാലും ന്യായീകരണമില്ല. ഗുരുതരമായ വീഴ്ച്ചയാണ് പൊലീസിന് സംഭവിച്ചതെന്നും ആന്റണി പറഞ്ഞു.
മാപ്പര്‍ഹിക്കാത്ത നടപടിയാണ് പൊലീസിന്റേത്. ഗുരുതരമായ വീഴ്ച്ചയാണ് പൊലീസിന് സംഭവിക്കുന്നത്. പൊലീസിന് കാര്യമായ രോഗം ബാധിച്ചിരിക്കുന്നു. എന്തോ എവിടെയോ പൊലീസിനകത്ത് കുഴപ്പമുണ്ടെന്ന സൂചനയാണിതെന്നും ആന്റണി അഭിപ്രായപ്പെട്ടു. ഇതുപോലെയുള്ള സംഭവങ്ങള്‍ തടയാന്‍ പരാജയപ്പെടുന്ന പൊലീസുകാര്‍ക്കെതിരെയും നടപടി വേണം. കേരളത്തില്‍ ദുരഭിമാനവും ജാതി ചിന്തയും സാമ്പത്തിക വിഭാഗീയതയുമൊക്കെ വളര്‍ന്നു വരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഇല്ലാതാക്കിയവ തിരികെ വരുകയാണ്. വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്താലയമായിത്തീരുന്നുവെന്ന് ആന്റണി പറഞ്ഞു.
ഇത് പോലുളള ദുരഭിമാനക്കൊലകളും സാമൂഹിക ജീര്‍ണതകളിലേക്ക് കേരളം എത്തിയതില്‍ താനടക്കമുളള രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും മത, സാമുദായിക സംഘടനകള്‍ക്കും പങ്കുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ജാതി ചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കെവിന്റെ കൊലപാതകം കേരള മനഃസാക്ഷി ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.