കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗത്തിലൂടെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് അദേഹത്തിനു തന്നെ അര്‍ഹതപ്പെട്ടതാണന്ന് ബോധ്യമായതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ ആന്റണി. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ ശബരിമല പ്രശ്‌നം രമ്യമായി പരിഹരിക്കാമായിരുന്നു എന്നിരിക്കേ തനിക്ക് ഇനിയൊരു അവസരംകൂടി തന്നാല്‍ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന മോദിയുടെ വാഗ്ദാനം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ കലാപമുണ്ടാക്കിയതിനു പകരം നിയമ നിര്‍മാണം നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടിയിരുന്നത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം വൈറ്റിലയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ആന്റണി.
മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് ഏറെ ഗൗരവമുള്ളതാണ്. ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ലോകത്തിന് മാതൃകയായിത്തീര്‍ന്ന നിരവധി സംസ്‌കാരങ്ങളുടേയും ആശയങ്ങളുടേയും ആദര്‍ശങ്ങളുടേയും നാടാണിത്. അഭിപ്രായ സ്വാതന്ത്ര്യം, പൗരാവകാശം, ബഹുസ്വരത, നാനാത്വത്തില്‍ ഏകത്വം, ഫെഡറല്‍ സംവിധാനം തുടങ്ങി എല്ലാം ഇവിടെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് നരേന്ദ്ര മോദി നമ്മുടെ സാസ്‌കാരിക പൈതൃകങ്ങളേയും ആദര്‍ശങ്ങളേയും നശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും മോദി അധികാരത്തില്‍ വന്നാല്‍ അംബേദ്കറിന്റെ ഭരണഘടനയ്ക്കു പകരം ആര്‍എസ്എസിന്റെ ഭരണഘടനയാകും പ്രാവര്‍ത്തികമാക്കുക. ശബരിമല വിഷയം രൂക്ഷമാക്കിയതിനു പിന്നില്‍ മോദിയേപ്പോലെ തന്നെ പിണറായി വിജയനും പങ്കുണ്ട്. സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിന്റെ കോപ്പിപോലും വായിച്ചു നോക്കാതെ വിധി നടപ്പാക്കാന്‍ തിരക്കുകൂട്ടുകയായിരുന്നു പിണറായി. അദ്ദേഹത്തിന്റെ മര്‍ക്കട മുഷ്ടിയും എടുത്തു ചാട്ടവും പക്വതയില്ലായ്മയും സ്ഥിതി കൂടുതല്‍ വഷളാക്കി. ഹര്‍ത്താലിന്റെ പേരില്‍ ഡീന്‍ കുര്യാക്കോസടക്കമുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ കേസെടുത്തെങ്കില്‍ കൂട്ടുപ്രതികളായി മോദിക്കും പിണറായിക്കുമെതിരേ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
- 6 years ago
web desk 1