X

കര്‍ണാടകയില്‍ കണ്ടത് മോദിയെ പുറത്താക്കുന്നതിന്റെ തുടക്കം: ആന്റണി

 

തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നരേന്ദ്രമോദിയെ മതേതരകക്ഷികളെ ഉള്‍പെടുത്തി അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന്റെ തുടക്കം മാത്രമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അശാന്തമായിരുന്ന ആസാം, പഞ്ചാബ്, മിസ്സോറാം സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബലി നല്‍കി സമാധാനം സംരക്ഷിച്ച മഹാനായ നേതാവായിരുന്നു രാജീവ് ഗാന്ധി. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ഉണ്ടാക്കാന്‍ രാജ്യത്ത് അശാന്തി പടര്‍ത്തുകയാണ് മോദി ചെയ്യുന്നതെന്നും ആന്റണി പറഞ്ഞു.
കര്‍ണാടകത്തില്‍ വോട്ടിംഗ് ശതമാനത്തിലും എം.എല്‍.എമാരുടെ എണ്ണത്തിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തേക്കാള്‍ ഏറെ പിന്നാലാണ് ബി.ജെ.പി. എന്നിട്ടും മോഡിയുടെ നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കന്‍ പീയുഷ് ഗോയല്‍ ഉള്‍പെടെ ആറു കേന്ദ്രമന്ത്രിമാരാണ് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്തു ചാക്കിട്ടുപിടിത്തത്തിനും കുതിരക്കച്ചവടത്തിനും നേതൃത്വം നല്‍കിയത്.
സിക്ക് സമുദായത്തില്‍പ്പെട്ട സുരക്ഷാ ഭടന്മാരെ മാറ്റണമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെട്ടപ്പോള്‍ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കാന്‍ അതിനു വിസമ്മതിച്ച് വെടിയേറ്റു മരിച്ച അതേ അമ്മയുടെ രക്തം സിരകളിലോടുന്ന നേതാവായിരുന്നു രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ ഏഴയലത്ത് നില്‍ക്കാന്‍ മോദിക്ക് യോഗ്യതയില്ല. മൂല്യങ്ങള്‍ക്ക് ഒരു വിലയും നല്‍കാന്‍ മോദി തയാറല്ല. രാജീവ് ഗാന്ധിയുടെ അപ്രതീക്ഷിത വിയോഗം രാജ്യത്തിന് നഷ്ടമാണ്. രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നോ രണ്ടോ സ്ഥാനത്ത് എത്തുമായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും വിവര സാങ്കേതിക രംഗത്തും അത്ഭുതം സൃഷ്ടിച്ച ഭരണകര്‍ത്താവായിരുന്നു രാജീവ് ഗാന്ധിയെന്നും ആന്റണി പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിപ്ലവനായകനാണ് രാജീവ്ഗാന്ധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. എന്നാല്‍ ജനാധിപത്യത്തിന്റെ ആരാച്ചാരാണ് നരേന്ദ്രമോദി. മതേതരത്വത്തിന്റേയും ഭരണഘടനയുടേയും മരണമണിയാണ് മോദി ഭരണത്തില്‍ രാജ്യത്ത് മുഴങ്ങുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി നടത്തിയ കുതിരക്കച്ചവടത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല. മോദിയുടെ മൗനം വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും ഹസന്‍ പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ വി.എം സുധീരന്‍, കെ.മുരളീധരന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, വി.എസ്.ശിവകുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എന്‍. ശക്തന്‍, എന്‍. പീതാംബരകുറിപ്പ്, പാലോട് രവി, വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുന്നില്‍ രാവിലെ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

chandrika: