X

അജിത്കുമാര്‍- ആര്‍എസ്എസ് നേതാക്കളെ കണ്ടത് പത്ത്‌ ദിവസത്തെ ഇടവേളയില്‍; കൂടുതല്‍ വിവരം പുറത്ത്

എം.ആര്‍ അജിത്കുമാര്‍ രണ്ട് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് 10 ദിവസത്തെ ഇടവേളയില്‍. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. റാം മാധവിനെ കാണാനും മുന്‍കൈ എടുത്തത് അജിത് കുമാര്‍ തന്നെ. വിവാദ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.

2023 മെയ് 22നാണ് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയെ കണ്ടത്. റാം മാധവിനെ കണ്ടത് ജൂണ്‍ 2ന്. അതായത് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥന്‍ രണ്ട് ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് വെറും പത്ത് ദിവസത്തെ ഇടവേളയില്‍. ആര്‍.എസ്.എസ് കൂടിക്കാഴ്ചയേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ നടന്നതെല്ലാം രഹസ്യമാക്കി വെക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രിയും എ.ഡി.ജി.പിയുമെല്ലാം.

2023 മെയ് 12 മുതല്‍ 27 വരെ തൃശൂരില്‍ നടന്ന ആര്‍.എസ്.എസ് പഠനക്യാംപായിരുന്നു കൂടിക്കാഴ്ചയുടെ ആദ്യവേദി. അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്ത ക്യാംപില്‍ മൂന്ന് ദിവസമാണ് ദത്താത്രേയ ഉണ്ടായിരുന്നത്. ഇതിനിടെ അജിത്കുമാറാണ് തന്റെ ബാല്യകാല സുഹൃത്തായ ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് എ.ജയകുമാറിനോട് ദത്താത്രേയെ കാണാനുള്ള താല്‍പര്യം അറിയിച്ചത്. ജയകുമാറിന് ആര്‍.എസ്.എസ് നല്‍കിയിട്ടുള്ള കാറില്‍ ഡ്രൈവര്‍, അജിത്കുമാറിനെ കൂട്ടിക്കൊണ്ടുവന്നു. ആര്‍ എസ് എസ് ക്യാംപ് നടക്കുന്ന അതേവേദിയിലെ മുറിയില്‍ വച്ച് ഒരു മണിക്കൂറോളം കൂടിക്കാഴ്ച. ശേഷം ആര്‍.എസ്.എസ് ഭാരവാഹിയുടെ കാറില്‍ തന്നെയായിരുന്നു എ.ഡി.ജി.പിയുടെ മടക്കം.

സ്വകാര്യ സന്ദര്‍ശനമെന്ന് വാദിക്കുമ്പോഴും മുന്‍പരിചയമില്ലാത്ത ആര്‍.എസ്.എസ് നേതാവിനോട് കേരളത്തിലെ എ.ഡി.ജി.പിക്ക് ഇത്രനേരം എന്ത് സൗഹൃദമാണ് പങ്കുവെക്കാനുള്ളതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ദേശീയമാധ്യമം കോവളത്ത് നടത്തിയ കോണ്‍ക്ലേവായിരുന്നു രാം മാധവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേദി. റാംമാധവിനെ കാണാനും അജിത്കുമാര്‍ തന്നെയാണ് താല്‍പര്യം പ്രകടിപ്പിച്ചത് . അതനുസരിച്ച് ആര്‍.എസ്.എസ്. നേതൃത്വം അയച്ച കാറിലാണ് അജിത്കുമാര്‍ കോവളത്തെത്തിയത് . കൂടിക്കാഴ്ച പത്തുമിനിറ്റ് മാത്രമാണ് നീണ്ടത്.

എ.ഡി.ജി.പിക്കൊപ്പം മൂന്ന് ബിസിനസ് പ്രമുഖരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് വിവരം. അത് ആരാണെന്നും എന്താണ് അവരുടെ പങ്കെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

webdesk13: