പി.വി അന്‍വറിന്റെ പരാതിയില്‍ എഡിജിപി അജിത്ത് കുമാറിന്റെ മൊഴി രേഖപ്പെടുത്തും. പത്തരയോടെ ഹാജരാകാനാണ് എഡിജിപിക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്.
പൊലീസ് ആസ്ഥാനത്ത് വെച്ച് ഡിജിപി നേരിട്ട് മൊഴിയെടുക്കും. എഡിജിപി അജിത്ത് കുമാറിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന പൊലീസ് മോധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലപാട് കടുപ്പിക്കുകയാണ്. തട്ടികൊണ്ടുപോകല്‍, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്.
എഡിജിപി അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ്. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം തുടങ്ങിയ പി.വി അന്‍വര്‍ ഉന്നയിച്ച അഞ്ചു കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഡിജിപി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാവും കേസ് അന്വേഷിക്കുക.