മോസ്‌കോ: ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ നിന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. കശ്മീര്‍ സ്വന്തം ഭാഗമാക്കി ചിത്രീകരിക്കുന്ന ഭൂപടം പാകിസ്താന്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ യോഗം ബഹിഷ്‌കരിച്ചത്. ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവല്‍ ഇറങ്ങിപ്പോയത്.
യോഗത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന ഭൂപടം പ്രദര്‍ശിപ്പിക്കാന്‍ പാകിസ്താനെ അനുവദിച്ചതില്‍ യോഗത്തിന്റെ അധ്യക്ഷനായ റഷ്യയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ പാകിസ്താന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് റഷ്യ നിലപാടെടുത്തു. പാകിസ്താന്റെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തില്‍ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നികോളായ് പത്രുഷെവ് പറഞ്ഞു.