X

കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിഷേധിച്ച് അജീഷിന്റെ കുടുംബം; ബി.ജെ.പിക്കെതിരെ കുടുംബാംഗങ്ങളുടെ വിമര്‍ശനം

കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപയുടെ ധനസഹായം നിഷേധിച്ച് പടമലയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച അജീഷിന്റെ കുടുംബം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി പ്രതിനിധികള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ തീരുമാനം. ബി.ജെ.പിയുടെ പ്രവൃത്തിയും പെരുമാറ്റവും മനുഷ്വത്വരഹിതമാണെന്ന് അജീഷിന്റെ കുടുംബം പ്രതികരിച്ചു.

‘രാഹുല്‍ഗാന്ധിയോടും കര്‍ണാടക സര്‍ക്കാരിനോടും നന്ദിയുണ്ട്. എന്നിരുന്നാലും ധനസഹായം ഞങ്ങള്‍ നിഷേധിക്കുന്നു,’ എന്ന് അജീഷിന്റെ കുടുംബം പറഞ്ഞു. ഫെബ്രുവരി 10നാണ് ബേലൂര്‍ മഖ്‌ന എന്ന കാട്ടാന അജീഷിനെ ചവിട്ടിക്കൊന്നത്. ആനയ്ക്ക് കര്‍ണാടക സര്‍ക്കാരിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് എം.പി രാഹുല്‍ ഗാന്ധി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.

ആനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി വരാറുണ്ട്. അജീഷിനെ കര്‍ണാടക പൗരനായി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

നഷ്ടപരിഹാരത്തിനായി കര്‍ണാടക നിയമസഭയില്‍ ബി.ജെ.പി നടത്തിയ ബഹളമാണ് ധനസഹായം സ്വീകരിക്കുന്നതില്‍ നിന്ന് അജീഷിന്റെ കുടുംബത്തെ പിന്നോട്ടാക്കിയത്.

 

webdesk13: