X

അജയന്റെ രണ്ടാം മോഷണം വ്യാജപതിപ്പ്: പ്രതികള്‍ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ.

ടൊവിനോ നായകനായ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പിലൂടെ പ്രതികള്‍ ഇതുവരെ സമ്പാദിച്ചത് ഒരു ലക്ഷം രൂപ. ഇവര്‍ ഇതുവരെ മറ്റ് 32 സിനിമകളും കൂടി പകര്‍ത്തിയിട്ടുണ്ടെന്ന് റിമാന്‍ഡില്‍ പറയുന്നു. റിലീസിങ് ദിവസമാണ് പ്രതികള്‍ കോയമ്പത്തൂരിലെ തിയേറ്ററില്‍ വെച്ച് അജയന്റെ രണ്ടാം മോഷണം പകര്‍ത്തിയത്. തിയേറ്ററിന്റെ പിറകില്‍ മധ്യഭാഗത്തായി അഞ്ച് സീറ്റുകള്‍ ബുക്ക് ചെയ്ത്, ക്യാമറ റിക്ലയിനര്‍ സീറ്റിനൊപ്പം ലഭിക്കുന്ന പുതപ്പിനടിയില്‍ ഒളിപ്പിച്ചു വെച്ചാണ് ഇവര്‍ സിനിമ പകര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്നാട്ടിലെയും ബെംഗ്‌ളൂരുവിലെയും മള്‍ട്ടിപ്ലക്‌സ് തിയറ്റുകളാണ് പ്രതികള്‍ ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. ദൃശ്യങ്ങളും സൗണ്ടും നല്ല രീതിയില്‍ ലഭിക്കണമെങ്കില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ലഭിക്കണം. അതിനുവേണ്ടി മധ്യനിരയിലാണ് പ്രതികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുക. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് തൊട്ടടുത്ത സീറ്റുകളിലായി ടിക്കറ്റ് ബുക്ക് ചെയ്യുകയും സംഘത്തിലെ തന്നെ ആളുകള്‍ സുരക്ഷ ഒരുക്കുന്നതുമാണ് രീതിയെന്നും പ്രതികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ കുമരേശനും പ്രവീണ്‍ കുമാറിനെയും പൊലീസ് പിടികൂടിയിരുന്നു. സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കര്‍ണാടകയില്‍ നിന്ന് പ്രതികള്‍ പിടിയിലാകുന്നത്.

 

webdesk17: