സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഡച്ച് ക്ലബ്ബ് അയാക്‌സ് ആംസ്റ്റര്‍ഡാമിനെ സമനില പിടിച്ച് ചെല്‍സി. 4-1 ന് പിന്നില്‍ നിന്ന ശേഷമാണ് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ മികച്ച തിരിച്ചുവരവ് നടത്തി ചെല്‍സി സമനില നേടിയത്. രണ്ട് അയാക്‌സ് താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അയാക്‌സിന്റെ മുന്നില്‍ തകരുന്ന ചെല്‍സിയെയാണ് ആദ്യം കണ്ടതെങ്കിലും പിന്നീട് വലിയ തിരിച്ചുവരവാണ് അവര്‍ നടത്തിയത്. രണ്ടാം മിനിറ്റില്‍ ടാമി അബ്രഹാമിന്റെ സെല്‍ഫ് ഗോളില്‍ ചെല്‍സി പിന്നിലായി. എന്നാല്‍ പുലിസിച്ചിനെ വെല്‍റ്റ്മാന്‍ ബോകിസില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നാലാം മിനിറ്റില്‍ ജോര്‍ജിന്യോ ചെല്‍സിയെ ഒപ്പമെത്തിച്ചു.
ക്വിന്‍സി പ്രോമസിന്റെ നേടിയ ഗോളും ചെല്‍സി ഗോള്‍ കീപ്പര്‍ കെപ്പയുടെ സെല്‍ഫ് ഗോളും ആയതോടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ ചെല്‍സി പിന്നിലായി. രണ്ടാം പകുതിയില്‍ ഡോന്നി വാന്‍ ഡി ബീക്കും അയാക്‌സിനായി സ്‌കോര്‍ ചെയ്തു. ഇതോടെ പൂര്‍ണമായും തകര്‍ന്നെന്ന് കരുതിയ ചെല്‍സി പിന്നീട് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സീസര്‍ ചെല്‍സിയുടെ രണ്ടാം ഗോള്‍ കണ്ടെത്തി. 68, 69 മിനിറ്റുകളില്‍ അയാക്‌സ് ഡിഫന്‍ഡര്‍മാരായ ഡലെയ് ബ്ലൈന്‍ഡും വെല്‍റ്റ്മാനും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ ചെല്‍സി ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. ജോര്‍ജിന്യോ , റീസെ ജെയിംസ് എന്നിവരാണ് ചെല്‍സിയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.