X

ആവശ്യവും വിഹിതവും തമ്മില്‍ അജഗജാന്തരം: പുത്തൂര്‍ റഹ്മാന്‍

പ്രവാസികളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നീക്കിവച്ചത് തുച്ഛമായ തുകയെന്ന മുതിര്‍ന്ന കെഎംസിസി നേതാവ് പുത്തൂര്‍ രഹ്മാന്‍. പ്രവാസികള്‍ ആയിരിക്കുമ്പോഴും പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോഴും പ്രശ്‌നങ്ങളിലാണ് ഗള്‍ഫുകാര്‍. ഇങ്ങനെ ഇരട്ട മുഖമുള്ള, സദാ പ്രതിസന്ധികള്‍ അഭിമുഖീരിക്കുന്ന ഒരു ജന വിഭാഗമാണ് പ്രവാസികളായ കേരളീയര്‍. അവരുടെ പുനരധിവാസം, ക്ഷേമം, ചികിത്സ തുടങ്ങി പലവിധ ആവശ്യങ്ങള്‍ക്ക് ഇക്കുറി ബജറ്റിലെ നീക്കിയിരിപ്പ് 114 കോടി രൂപയാണ്. ഖജനാവില്‍ പണമില്ലാത്ത സമയത്ത് കേവലം തുച്ഛമായ ഈ തുകയെങ്കിലും നമ്മുടെ സര്‍ക്കാര്‍ നീക്കിവെച്ചല്ലോ എന്ന് സമാധാനിക്കുക. ബജറ്റിലെ പ്രവാസികളുടെ വിഹിതം പരിശോധിച്ചപ്പോള്‍ എനിക്ക് ഇതാണ് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. നടപ്പിലാവാത്ത വാഗ്ദാനങ്ങള്‍ കൊണ്ട് നിറച്ച പ്രകടനപത്രിക പോലെയായിട്ടുണ്ട് ബജറ്റുകള്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ ബജറ്റുകളില്‍ പ്രവാസികളുടെ ക്ഷേമത്തിനു വകയിരുത്തിയ തുകയും പദ്ധതികളും എന്തായി എന്ന് പഠിച്ചാല്‍ ഇതു വ്യക്തമാകും. ഇക്കുറി വന്‍ വാഗ്ദാനങ്ങള്‍ ഒന്നുമില്ല എന്നത് ആശാവഹമായി തോന്നുന്നെന്നും പുത്തൂര്‍ രഹ്മാന്‍ പ്രതികരിച്ചു.

2024-25 സാമ്പത്തിക വര്‍ഷം നോര്‍ക്കയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തുന്ന തുക പരാമര്‍ശിച്ചുകൊണ്ടാണ് ബജറ്റില്‍ പ്രവാസികള്‍ക്കുള്ള പരിഗണന ചേര്‍ത്തിരിക്കുന്നത്. ആഗോള മാന്ദ്യത്തിന്റേയും ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയവല്‍ക്കരണത്തിന്റേയും ഫലമായി കേരളത്തിലേക്ക് തിരികെയെത്തുന്നവരെ പുനരധിവസി പ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച ചഉജഞഋങ പദ്ധതിക്കായി 25 കോടി രൂപയാണ് വകയിരുത്തുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിയ്ക്കായി 44 കോടി രൂപ മാറ്റിവെക്കുന്നു. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലിചെയ്ത് മടങ്ങിവന്ന മലയാളികള്‍ക്ക് 50,000 രൂപ വരെ ചികിത്സാ സഹായം, 68 ലക്ഷം രൂപവരെ മരണാനന്തര ധനസഹായം, 15,000 രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുളളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്ക് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ‘സാന്ത്വന’ പദ്ധതിക്ക് വേണ്ടി 33 കോടി രൂപയും മാറ്റി വയ്ക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദി നോണ്‍ റസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയുള്ള ക്ഷേമപദ്ധതികള്‍ക്കായി 12 കോടി രൂപയും ബജറ്റ് വകയിരുത്തുന്നു. ഇത്രയും ചെറിയ വിഹിതം കൊണ്ട് സാധിക്കേണ്ട ലക്ഷ്യങ്ങള്‍ ഈ ബജറ്റ് വാചകങ്ങളില്‍ തന്നെയുണ്ട്. വിദേശനാണ്യം ഏറ്റവും കൂടുതല്‍ കേരളത്തിലേക്കെത്തിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും ഒരു തട്ടിലും ഈ ബജറ്റ് വിഹിതം മറ്റൊരു തട്ടിലും വെച്ചാല്‍ അജഗജാന്തരം എന്നാലെന്തെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. അതുകൊണ്ട് കിട്ടിയത് ലാഭം തിത്തൈ താളം എന്നൊരു പാട്ടുപാടി സര്‍ക്കാരിനു കയ്യടിക്കാം നമുക്കെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk14: