തിരുവനന്തപുരം :ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിച്ച് ആലപ്പുഴ ജില്ല കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്. കയ്യേറ്റം സംബന്ധിച്ച് കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നിയമോപദേശമാണ് വേണ്ടതെന്ന് വ്യക്തമല്ല. പുറത്തു വന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് തോമസ് ചാണ്ടിക്കു മേല്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പലതും ശരി വെയ്ക്കുന്നതാണ് കളക്ടറുടെ റിപ്പോര്‍ട്ടെന്നാണ്. സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ നടപടി വൈകുന്നത് നീതീകരിക്കാനാകുന്നതല്ല.
തോമസ് ചാണ്ടിക്കെതിരായ ആക്ഷേപങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ നിലപാടിനെ കളങ്കപ്പെടുത്തുന്നതാണ്. ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തി തന്‌പേരില്‍ പൊതു സമൂഹത്തിന് മുന്നില്‍ തലകുനിക്കേണ്ട കാര്യമില്ല. കേരളീയ സമൂഹം എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്നും ആഗ്രഹിക്കുന്ന നടപടികള്‍ ഇനിയും വൈകാന്‍ പാടില്ല.തോമസ് ചാണ്ടിയെ മാറ്റി നിര്‍ത്തി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തണം.നിയമ ലംഘനങ്ങള്‍ക്കെതിരായി കര്‍ശന നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.