മുംബൈ: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിക്കു നേരെയും ആക്രമണം ആസൂത്രണം ചെയ്തിരുന്നതായാണ് പുതിയ വിവരം. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഹാര്‍വിയുടെ ലൈംഗിക പീഡനത്തില്‍ നിന്ന് ഐശ്വര്യ രക്ഷപ്പെട്ടതെന്നാണ് ഷെഫീല്‍ഡ് പറയുന്നത്. കാന്‍ ഫെസ്റ്റിവലില്‍ വെച്ച് ഹാര്‍വി, ഐശ്വര്യയുമായും അഭിഷേകുമായും സൗഹൃദബന്ധം സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐശ്വര്യയെ തനിച്ച് കാണാനുള്ള നീക്കം നടത്തിയത്. ഐശ്വര്യയെ തനിച്ചു കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍വി തന്നോട് ചോദിച്ചതായി മാനേജര്‍ വ്യക്തമാക്കി. എന്നാല്‍ അതിനുള്ള അവസരം ഒരുക്കാതിരുന്നപ്പോള്‍ താക്കീതും ഭീഷണിയുമായി. മറ്റൊരു ജോലി ലഭിക്കാത്ത വിധം നീക്കം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഐശ്വര്യയുടെ അടുത്തെത്താന്‍ ഒരവസരം പോലും താന്‍ നല്‍കിയിരുന്നില്ലെന്ന് ഷെഫീല്‍ഡ് പറഞ്ഞു.
ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോൗ, മെറില്‍ സ്ട്രിപ്പ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലറ്റ് തുടങ്ങിയവര്‍ ഹാര്‍വിക്കെതിരെ ആരോപണങ്ങളുമായി നേരത്തെ രംഗത്തെത്തിയിരുന്നു.