മൊബൈല്‍ പ്ലാനുകളില്‍ വന്‍ വര്‍ധനക്കൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. 100 രൂപക്ക് ഒരു ജിബി ഡേറ്റ നല്‍കുന്ന കാര്യം പരിഗണയിലാണെന്നാണ് എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറയുന്നത്. വളരെയധികം തുക അടക്കാന്‍ തയ്യാറായിക്കൊള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.
‘ഒന്നുകില്‍ നിങ്ങള്‍ക്ക് 160 രൂപ മുടക്കി മാസത്തില്‍ 1.6 ജിബി ഡേറ്റ ഉപയോഗിക്കാം. അല്ലെങ്കില്‍ വളരെയധികം തുക അടക്കാന്‍ തയ്യാറായിക്കൊള്ളൂ. അമേരിക്കയിലോ യൂറോപ്പിലോ ഉള്ളതു പോലെ ജിബിക്ക് 50-60 ഡോളര്‍ എന്നൊന്നുമല്ല പറയുന്നത്. പക്ഷേ, 2 ഡോളറിനു 16 ജിബി എന്നത് താങ്ങാവുന്നതല്ല.”- തന്റെ സഹപ്രവര്‍ത്തകന്‍ അഖില്‍ ഗുപ്ത എഴുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനിടെ സുനില്‍ മിത്തല്‍ പറഞ്ഞു.
മിത്തല്‍ പറഞ്ഞ കണക്കനുസരിച്ച് ഒരു ജിബി ഡേറ്റയ്ക്ക് ഏകദേശം 100 രൂപ ഇനി നല്‍കേണ്ടി വരും. ഇപ്പോള്‍ 10 രൂപയാണ് ഒരു ജിബിക്ക് നല്‍കേണ്ട തുക. 199 രൂപക്ക് 24 ജിബിയാണ് ഇപ്പോള്‍ എയര്‍ടെലിന്റെ അടിസ്ഥാന ഡേറ്റ പാക്ക്. ദിവസം ഒരു ജിബിയാണ് ഈ പാക്കില്‍ ലഭിക്കുക.
ഇതോടൊപ്പം, നമ്പര്‍ നഷ്ടമാവാതിരിക്കാന്‍ ചുരുങ്ങിയത് മാസം 100 രൂപയെങ്കിലും മുടക്കേണ്ടി വരുമെന്ന് മിത്തല്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ മാസം 45 രൂപക്ക് റീചാര്‍ജ് ചെയ്താലാണ് എയര്‍ടെല്‍ സിം സേവനങ്ങള്‍ നഷ്ടപ്പെടാതിരിക്കുക.