X
    Categories: Newstech

ജിയോയെ പിന്നിലാക്കി എയര്‍ടെലിന്റെ കുതിപ്പ്; ജനുവരിയില്‍ 58.9 ലക്ഷം പുതിയ വരിക്കാര്‍

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ജിയോയും എയര്‍ടെലും തമ്മിലുള്ള മല്‍സരം തുടരുകയാണ്. പുതിയ വരിക്കാരെ സ്വന്തമാക്കാനായി മിക്ക കമ്പനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്ന റിലയന്‍സ് ജിയോ ഇപ്പോള്‍ അല്‍പം പിന്നോട്ടുപോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ റിലയന്‍സ് ജിയോയേക്കാള്‍ 300 ശതമാനം കൂടുതല്‍ വയര്‍ലെസ് വരിക്കാരെയാണ് ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത്. എയര്‍ടെല്‍ ജനുവരി മാസത്തില്‍ 58.9 ലക്ഷം പുതിയ വയര്‍ലെസ് വരിക്കാരെയാണ് ചേര്‍ത്തത്. അതേസമയം മുംബൈ ആസ്ഥാനമായുള്ള ജിയോയ്ക്ക് 19.5 ലക്ഷം പുതിയ വയര്‍ലെസ് വരിക്കാരെ മാത്രമാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്.

ട്രായിയുടെ ഡേറ്റ പ്രകാരം ജിയോയുടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ജനുവരിയില്‍ 41.07 കോടിയിലെത്തി. എയര്‍ടെലിന് ആകെ 34.46 കോടി വയര്‍ലെസ് വരിക്കാരുമുണ്ട്. ജിയോയുടെ വിപണി വിഹിതം ഡിസംബറിലെ 35.43 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 35.30 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഡിസംബറിലെ 29.36 ശതമാനം വിപണി വിഹിതത്തില്‍ നിന്ന് എയര്‍ടെല്‍ അല്‍പം നേട്ടം കൈവരിച്ച് 29.62 ശതമാനത്തിലുമെത്തി.

ജനുവരിയില്‍ 1.74 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ എയര്‍ടെല്‍ പ്രതിമാസ വളര്‍ച്ചാ നിരക്കിലും ഒന്നാം സ്ഥാനത്താണ്. ജിയോയുടെ പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.48 ശതമാനമാണ്. അതുപോലെ, സജീവ വയര്‍ലെസ് വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്‍ തുടര്‍ച്ചയായി രണ്ടാം തവണയും മുന്നിലെത്തി.

എയര്‍ടെലിനും ജിയോയ്ക്കും പുറമേ ജനുവരിയില്‍ 17.1 ലക്ഷത്തിലധികം വയര്‍ലെസ് വരിക്കാരെ ചേര്‍ക്കാന്‍ വോഡഫോണ്‍ ഐഡിയ (വി) ക്കും കഴിഞ്ഞു. ട്രായ് ഡേറ്റ പ്രകാരം വിയുടെ മൊത്തം വരിക്കാര്‍ 28.59 കോടിയാണ്. ജനുവരി മാസത്തില്‍ 81,659 വയര്‍ലെസ് വരിക്കാരെയാണ് ബിഎസ്എന്‍എല്‍ ചേര്‍ത്തത്.

രാജ്യത്തെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഡിസംബറിലെ 115.37 കോടിയില്‍ നിന്ന് ജനുവരിയില്‍ 116.34 കോടിയായി ഉയര്‍ന്നു.

Test User: